Friday, May 24, 2024
spot_img

‘സ്ത്രീശാക്തീകരണം ചുവരെഴുത്തുകളിൽ ഒതുക്കി വിവേചനത്തിന്റെ നവോത്ഥാനമതിൽ കെട്ടിയവർക്കുള്ള കൃത്യമായ രാഷ്‌ട്രീയ മറുപടി’; ബിജെപിയെ നയിക്കാൻ ഇനി 18 വനിതാ മണ്ഡലം പ്രസിഡന്റുമാർ

തിരുവനന്തപുരം: കേരളാ ബിജെപിയെ നയിക്കാൻ ഇനി 18 വനിതാ മണ്ഡലം പ്രസിഡന്റുമാർ. അടുക്കളയിൽ നിന്ന് അരങ്ങത്തേക്കുളള വനിതാ മുന്നേറ്റത്തിന്റെ മുന്നണിപ്പോരാളികളായി മാറുകയാണ് ഭാരതീയ ജനതാ പാർട്ടി.

മണ്ഡല പുന:ക്രമീകരണത്തോടെ സംസ്ഥാനത്ത് ബിജെപിക്ക് 280 മണ്ഡലം പ്രസിഡന്റുമാരെയായിരുന്നു തെരഞ്ഞെടുക്കേണ്ടിയിരുന്നത്. ഇതിലാണ് 18 വനിതാനേതാക്കളെയും കൂടി ഉൾപ്പെടുത്തിയത്.

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ നിരവധി വനിതാസ്ഥാനാർഥികളെ വിജയിപ്പിച്ചെടുക്കാൻ ബിജെപിക്ക് കഴിഞ്ഞു. ഇതിന്റെ തുടർച്ചയാണ് പുതിയ മണ്ഡലം പുനഃക്രമീകരണത്തിൽ നേതൃസ്ഥാനത്തേക്ക് 18 വനിതകളെ ഉയർത്തിക്കൊണ്ടുവന്നത്.

മാത്രമല്ല സ്ത്രീശാക്തീകരണത്തിന്റെ പ്രാധാന്യം വെറും വാക്കുകളിൽ ഒതുക്കാതെ പ്രവൃത്തിയിൽ കൊണ്ടുവന്ന് ജനശ്രദ്ധ നേടിയിട്ടുള്ള പാരമ്പര്യമാണ് ബിജെപിയുടേതെന്നും, സ്ത്രീശാക്തീകരണം ചുവരെഴുത്തുകളിൽ ഒതുക്കി വിവേചനത്തിന്റെ നവോത്ഥാനമതിൽ കെട്ടിയവർക്കുള്ള കൃത്യമായ രാഷ്‌ട്രീയ മറുപടിയാണ് ബിജെപിയുടെ ഈ ചുവടുവെപ്പെന്നും നേതാക്കൾ പറയുന്നു.

കൂടാതെ ഭാവിയിൽ കേരളത്തിൽ നിന്ന് നിരവധി വനിതാ എംഎൽഎമാരെയും എംപിമാരെയും രാജ്യത്തിന് സംഭാവന ചെയ്യാനുള്ള പരിശ്രമത്തിന്റെ അടിത്തറയ്‌ക്കാണ് ഇപ്പോൾ കേരള ബിജെപി തുടക്കമിട്ടിരിക്കുന്നതെന്നും സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി. വനിതാ നേതാക്കൾ അടക്കം ബിജെപിയുടെ നടപടിയെ പ്രശംസിക്കുകയാണ്.

സമസ്തമേഖലകളിലും ലിംഗഭേദമെന്യേ തുല്യപ്രാധാന്യം വേണമെന്നത് ബിജെപിയുടെ പ്രഖ്യാപിത നയമാണ്. സ്ത്രീകൾക്ക് മുന്നോട്ടുവരാനുള്ള നിരവധി പദ്ധതികൾ ആവിഷ്‌കരിച്ച നരേന്ദ്രമോദി സർക്കാർ രാഷ്‌ട്രീയത്തിലും ഭരണകാര്യത്തിലും സ്ത്രീകളെ സുപ്രധാനപദവികൾ നൽകി ആദരിച്ചിട്ടുണ്ട്.

അതേസമയം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാംവരവിൽ 11 വനിതകളെയാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ 17 വർഷത്തിനുള്ളിൽ മന്ത്രിപദവിയിലെത്തിയ വനിതകളുടെ എണ്ണത്തിൽ ഏറ്റവും വലിയ സംഖ്യയാണിത്.

Related Articles

Latest Articles