Thursday, September 24, 2026

ജവാദ് ചുഴലിക്കാറ്റ് : റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ; കേരളത്തിൽ രണ്ട് ട്രെയിനുകൾ റദ്ദാക്കി

ദില്ലി: ജവാദ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ റെഡ് അലർട്ടുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ദക്ഷിണ ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഡിസംബർ മൂന്നോടെ മധ്യ ബംഗാൾ ഉൾകടലിലേക്ക് എത്തി ‘ജവാദ്’ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇതേതുടർന്ന് തീരപ്രദേശങ്ങളിലുളള 13 ജില്ലകളിലെ കളക്ടർമാരോട് തയ്യാറെടുപ്പ് നടത്താൻ ഒഡീഷ സർക്കാർ നിർദ്ദേശിച്ചു.

അടിയന്തിര ഘട്ടത്തിൽ ദുരന്ത നിവാരണപ്രവർത്തനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കുമായി പ്രത്യേക രൂപരേഖ തയ്യാറാക്കിയതായി അധികൃതർ അറിയിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയോടും ഒഡീഷ ദുരന്ത ദ്രുതകർമ്മസേനയോടും തയ്യാറെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. 45 കിലോമീറ്റർ മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് തീരപ്രദേശത്ത് വീശുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതെന്ന് ഒഡീഷ റിലീഫ് കമ്മീഷണർ പി.കെ ജന പറഞ്ഞു.

നാളെ ഒഡീഷയുടെ തെക്കൻ തീരത്തുളള ജില്ലകളിൽ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ന്യൂനമർദ്ദം രൂപപ്പെടുന്നതും സഞ്ചാരപഥവും കൂടുതൽ കൃത്യമായി വിലയിരുത്തി വരികയാണെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

അതേസമയം കേരളത്തിൽ ജവാദ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉള്ളതിനാൽ ഇന്ന് പുറപ്പെടേണ്ട രണ്ട് ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. തിരുവനന്തപുരം–ഷാലിമാർ ബൈവീക്‌ലി സൂപ്പർഫാസ്റ്റ് ട്രെയിൻ, കന്യാകുമാരി–ദിബ്രുഗഡ് വീക്കിലി വിവേക് എക്സ്പ്രസ്സ് എന്നിവയാണ് റദ്ദാക്കിയത്.

Related Articles

Latest Articles