Tuesday, September 22, 2026

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ;ഗലോട്ട് എത്തുമെന്ന് സൂചന

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട് എത്തുമെന്നാണ് പുതിയ സൂചന.പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്ന് അശോക് ഗലോട്ട് ഇന്ന് വ്യക്തമാക്കി.എന്നാല്‍ എഐസിസി അധ്യക്ഷസ്ഥാനവും രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന ഗലോട്ടിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. ഗലോട്ടിനെതിരെ മത്സരിക്കുമെന്ന വ്യക്തമായ സൂചന ശശി തരൂര്‍ എംപിയും നല്‍കി.

എംഎല്‍എമാരുടെ യോഗം വിളിച്ച് മത്സരിക്കാന്‍ പോകുന്നുവെന്ന സൂചന നല്‍കിയാണ് ഗലോട്ട് രാജസ്ഥാനില്‍ നിന്ന് ദില്ലിക്ക് പുറപ്പെട്ടത്. സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് ദൗത്യവും ഏറ്റെടുക്കുമെന്ന് ഗലോട്ടറിയിച്ചു. എന്നാല്‍ ഗലോട്ടിനെ പിന്നോട്ടടിക്കുന്ന ഘടകം മുഖ്യമന്ത്രി പദം ഒഴിയണമെന്നതാണ്. താന്‍ മുഖ്യമന്ത്രി പദം ഒഴിയുന്നതിനോട് എംഎല്‍എമാര്‍ക്ക് താല്‍പര്യമില്ലെന്ന സന്ദേശം ഗലോട്ട് സോണിയയെ ധരിപ്പിച്ചു. മുഖ്യമന്ത്രി പദം ഒഴിഞ്ഞാല്‍ തന്നെ താന്‍ നിര്‍ദ്ദേശിക്കുന്നയാളെ പകരം മുഖ്യമന്ത്രിയായി നിയമിക്കണമെന്ന ആവശ്യവും മുന്നോട്ട് വച്ചു.

Related Articles

Latest Articles