തമിഴക വെട്രി കഴകം റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 40 പേർ മരിച്ച സംഭവത്തിൽ ടിവികെയുടെ വാദങ്ങള്‍ തള്ളി എഡിജിപി. കല്ലേറും ലാത്തി ചാര്‍ജും ഉണ്ടായിട്ടില്ലെന്ന് എഡിജിപി ഡേവിഡ്സണ്‍ പറഞ്ഞു. പോലീസ് പ്രവര്‍ത്തകരെ കൈ കൊണ്ട് തള്ളുക മാത്രമാണ് ചെയ്തതെന്നും എഡിജിപി പറഞ്ഞു. വിജയ് ചട്ടങ്ങള്‍ ലംഘിച്ചോ എന്ന് ഇപ്പോള്‍ തനിക്ക് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ടിവികെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു. ആവശ്യത്തിന് പോലീസുകാര്‍ ഉണ്ടായിരുന്നു. എന്നാൽ ചെറുപ്പക്കാര്‍ പോലീസിന്റെ നിര്‍ദേശം അനുസരിക്കാൻ തയ്യാറായില്ല. അത് അപകടത്തിന് കാരണമായി. ആള്‍ക്കൂട്ടം കാരണം നിശ്ചയിച്ച സമയത്തിന് മുമ്പ് പരിപാടിയില്‍ സംസാരിക്കാന്‍ വിജയിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ സംഘാടകര്‍ അതുംനിരസിച്ചു. വിജയ് യുടെ വാഹനങ്ങള്‍ 50 മീറ്റര്‍ അകലെ നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല.”-എഡിജിപി പറഞ്ഞു.
അതേസമയം വിജയ് സംസാരിക്കുമ്പോള്‍ വൈദ്യുതി കട്ട് ചെയ്തിട്ടില്ലെന്ന് തമിഴ്നാട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കി. നിലവില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് അരുണ ജഗദീശന്‍ കരൂരിലെത്തി അപകട സ്ഥലം സന്ദര്‍ശിക്കുകയാണ്. അതേസമയം കരൂര്‍ ദുരന്തത്തില്‍ മരണ സംഖ്യ 40 ആയി.ദുരന്തത്തിനു പിന്നാലെ വിജയ്‌യുടെ അറസ്റ്റാവശ്യപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചാരണം ശക്തമാണ്. ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാതെ വിജയ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതിലും രൂക്ഷവിമർശനമാണ് ഉയരുന്നത്.

