Tuesday, May 14, 2024
spot_img

മകരവിളക്ക് ദർശനത്തിനൊരുങ്ങി സന്നിധാനം; തിരുവാഭരണ ഘോഷയാത്രക്ക് നാളെ പുലർച്ചെ തുടക്കമാകും; സാംസ്ക്കാരികത്തനിമയുടെയും പ്രൗഢമായ പാരമ്പര്യത്തിന്റെയും പ്രതീകമായ ചടങ്ങുകളുടെ തത്സമയ ദൃശ്യങ്ങൾ ഭക്തരിലേക്കെത്തിച്ച് ചരിത്രം സൃഷ്‌ടിച്ച ടീം തത്വമയി തുടർച്ചയായി അഞ്ചാം തവണയും തിരുവാഭരണത്തോടൊപ്പം

പന്തളം: മകരവിളക്ക് ചടങ്ങുകൾക്കായൊരുങ്ങി കലിയുഗ വരദാനമായ സ്വാമി അയ്യപ്പൻറെ സന്നിധാനം. ചരിത്ര പ്രസിദ്ധമായ തിരുവാഭരണ ഘോഷയാത്രക്ക് നാളെ തുടക്കമാകും. സാംസ്ക്കാരികത്തനിമയുടെയും പ്രൗഢമായ പാരമ്പര്യത്തിന്റെയും പ്രതീകമായ തിരുവാഭരണ ഘോഷയാത്ര 14 ന് വൈകുന്നേരം സന്നിധാനത്തെത്തും. തുടർന്ന് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോഴാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയുന്നത്. പന്തളം സ്രാമ്പിക്കൽ കൊട്ടാരം മുതൽ സന്നിധാനം വരെ മൂന്നു നാളുകൾ നീളുന്ന തിരുവാഭരണ ഘോഷയാത്രയുടെ തത്സമയ ദൃശ്യങ്ങൾ ഇത്തവണയും ലോകം കാണുക തത്വമയിയിലൂടെ മാത്രം. പുത്തൻ സാങ്കേതിക വിദ്യയുടെ സമ്മേളനമായ തത്സമയ ദൃശ്യങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

പന്തളം മഹാരാജാവ് അയ്യപ്പന് നല്കിയ സമ്മാനമാണ് ഈ ആഭരണങ്ങൾ. അയ്യപ്പൻ യുവരാജാവായി വാഴിക്കപ്പെട്ടപ്പോൾ അതുനേരിട്ടുകാണുവാൻ അയ്യപ്പന്റെ വളർത്തുപിതാവായ പന്തളം മഹാരാജാവിന് സാധിച്ചില്ല. ആ വിഷമത്തിനു പരിഹാരമായി ഈ ആഭരണങ്ങൾ പണികഴിക്കുകയും ഇതുധരിച്ച് വർഷത്തിലൊരിക്കലെങ്കിലും അയ്യപ്പനെ കാണുവാൻ അനുഗ്രഹം നല്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. അതനുസരിച്ചാണ് മകരവിളക്കിന് അയ്യപ്പ വിഗ്രഹത്തെ തിരുവാഭരണങ്ങൾ ധരിപ്പിക്കുന്നത്. പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിലാണ് ഈ തിരുവാഭരണങ്ങൾ സൂക്ഷിക്കുന്നത്. എല്ലാ വർഷവും ശബരിമല തീർത്ഥാടന കാലയളവിൽ തിരുവാഭരണങ്ങൾ വിശ്വാസികൾക്ക് ദർശിക്കുവാൻ സാധിക്കും. 2022 നവംബർ 17ന് ആരംഭിച്ച ദർശനം തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന ജനുവരി 12 വരെ ദർശിക്കാം. പന്തളം കൊട്ടാരത്തിലാണ് ഇതുള്ളത്. ജനുവരി 12ന് തിരുവാഭരണങ്ങൾ പന്തളം കൊട്ടാരത്തിൽ നിന്നു ഘോഷയാത്രയ്ക്കായി വലിയ കോയിക്കൽ ക്ഷേത്രത്തിലെത്തിക്കും. ഇവിടെ നിന്നാണ് തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്നത്. ജനുവരി 12 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടു കൂടി തിരുവാഭരണ ഘോഷയാത്ര ആരംഭിക്കും. സാധാരണയായി ഭഗവാൻറെ സാന്നിധ്യത്തിന്റെ അടയാളമായി കൃഷ്ണപ്പരുന്ത് ആകാശത്ത് വട്ടമിട്ടു പറക്കുന്നത് കാണുന്നതോടെ യാത്ര ആരംഭിക്കും. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ 83 കിലോമീറ്റർ ദൂരമാണ് യാത്രയുടെ ദൂരം. മൂന്നു ദിവസമെടുത്താണ് യാത്ര ശബരിമല ക്ഷേത്രസന്നിധിയിലെത്തുന്നത്.

കുളത്തിനാൽ ഗംഗാധരസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം തലച്ചുമടായാണ് തിരുവാഭരണം സന്നിധാനത്ത് എത്തിക്കുക. രാജപ്രതിനിധിയായി അനുഗമിക്കുക രാജരാജവർമ്മയാണ്. യാത്രയുടെ ഒന്നാമത്തെ ദിവസം ചെറുകോൽ സുബ്രമണ്യസ്വാമി ക്ഷേത്രം, കുരുടാമണ്ണിൽപടി, അയിരൂർ പുതിയകാവ് ദേവി ക്ഷേത്രം എന്നിവിടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. രാത്രി വിശ്രമം പുതിയകാവ് ദേവി ക്ഷേത്രത്തിലാണ്. 13-ാം തിയതി പുലർച്ചെ തുടങ്ങുന്ന യാത്ര മൂക്കന്നൂർ, ഇടപ്പാവൂർ, പേരൂച്ചാൽപ്പാലം വഴി കീക്കൊഴൂർ കരയിലെത്തും. തുടർന്ന് ആയിക്കൽ തിരുവാഭരണപ്പാറയിൽ എത്തിയ ശേഷം പിന്നീട് റാന്നി ബ്ലോക്ക് പടിയിലെത്തും. കുത്തുകല്ലുങ്കൽപടി, ഇടക്കുളം,പള്ളിക്കമുരുപ്പ്, പേങ്ങാട്ടുകടവ്,വടശേരിക്കര ചന്തക്കടവ് റോഡ് തുടങ്ങിയ ഇടങ്ങളിലൂടെ കടന്നു കഴിയുമ്പോൾ പ്രധാന പാതകൾ കഴിയും. രണ്ടാമത്തെ ദിവസത്തെ രാത്രി വിശ്രമം ളാഹയിലാണ്. മൂന്നാം ദിനം പ്ലാപ്പള്ളി, ഇലവുംകൽ, നിലയ്ക്കൽ, അട്ടത്തോട്, കൊല്ലമൂഴി, വെള്ളച്ചിമല, ഏറ്റപ്പെട്ടി, ഓളിയംപുഴ, വലിയാനവട്ടം, ചെറിയാനവട്ടം, നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി വൈകുന്നേരം ഏകദേശം ആറുമണിയോടെ ശബരിമല സന്നിധാനത്ത് എത്തും.

പന്തളം കൊട്ടാരം മുതൽ സന്നിധാനം വരെ തിരുവാഭരണ പാതയിൽ നടക്കുന്ന ചടങ്ങുകളെല്ലാം തത്സമയ കാഴ്ചകളായി തത്വമയി പ്രേക്ഷകരിലേക്കെത്തിക്കും. തത്സമയ ദൃശ്യങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക http://bit.ly/3Gnvbys

Related Articles

Latest Articles