Monday, April 29, 2024
spot_img

കുന്നംകുളത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് സ്വർണ്ണം മോഷ്ടിച്ച സംഭവം; 10 ദിവസത്തെ അന്വേഷണത്തിന് ശേഷം പ്രതി പിടിയിൽ; 80 പവൻ സ്വർണ്ണം കണ്ടെത്തി

തൃശ്ശൂർ: കുന്നംകുളത്ത് വീട് കുത്തിത്തുറന്ന് 95 പവൻ സ്വർണ്ണം മോഷ്ടിച്ച സംഭവത്തിൽ 10 ദിവസത്തെ അന്വേഷണത്തിന് ശേഷം പ്രതി പിടിയിൽ.കണ്ണൂർ സ്വദേശി ഇസ്മായിലിനെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണം വെല്ലുവിളി നിറഞ്ഞതായിരുന്നെന്ന് പോലീസ് പറയുന്നു. കുന്നംകുളത്ത് രാജൻ – ദേവി ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്.പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.

മുൻപ് ആറ് കേസുകളിൽ പ്രതിയാണ് 30കാരനായ പ്രതി. ഡിസംബർ രണ്ടിനാണ് ഇയാൾ ജയിലിൽ നിന്ന് ഇറങ്ങിയത്. ഒറ്റയ്ക്ക് യാത്ര ചെയ്ത് ഒഴിഞ്ഞ വീടുകൾ നോക്കി കണ്ടെത്തി മോഷണം ചെയ്യുന്നതാണ് പ്രതിയുടെ രീതി. കുന്നംകുളത്ത് പുതുവത്സര ദിവസമായിരുന്നു പ്രതി മോഷണം നടത്തിയത്. രാജൻ വിദേശത്താണ്. സംഭവ ദിവസം ദേവി വീട്ടിലുണ്ടായിരുന്നില്ല. രാത്രി വീട്ടിലെത്തിയ പ്രതി കോളിങ് ബെൽ അടിച്ച് ഇവിടെ ആളുണ്ടോയെന്ന് നോക്കി. ആരും വാതിൽ തുറക്കാതെ വന്നതോടെ ആളില്ലെന്ന് ഉറപ്പിച്ചു.

പിന്നീട് പുറകിലെ വാതിൽ കുത്തിപ്പൊളിച്ചാണ് ഇസ്മായിൽ വീടിന് അകത്ത് കടന്നത്. വീട്ടിൽ നിന്ന് ആകെ 95 പവൻ സ്വർണ്ണം നഷ്ടമായിരുന്നു. ഇതിൽ 80 പവൻ സ്വർണ്ണം കണ്ടെത്തി. കോഴിക്കോട്ടെ സ്വർണ്ണക്കടയിൽ നിന്ന് ഉരുക്കിയ സ്വർണ്ണമാണ് കണ്ടെത്തിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മോഷണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

Related Articles

Latest Articles