Sunday, January 11, 2026

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ തിരുവാഭരണ രജിസ്റ്റർ നഷ്ടപ്പെട്ട കേസ്; ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല, വിജിലൻസ് റിപ്പോർട്ട് വീണ്ടും അവഗണിച്ചതായി ആക്ഷേപം

തിരുവല്ല: കോടിക്കണക്കിന് രൂപയുടെ തിരുവാഭരണങ്ങളുടെ വിവരങ്ങൾ അടങ്ങിയ രജിസ്റ്റർ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ മുൻ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനുള്ള വിജിലൻസ് എസ്.പി.യുടെ റിപ്പോർട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് വീണ്ടും അവഗണിച്ചതായി പരാതി. ക്ഷേത്രത്തിലെ അഴിമതികളും തിരുവാഭരണം രജിസ്റ്റർ നഷ്ടപ്പെട്ടതും സംബന്ധിച്ച് തിരുവല്ല സ്വദേശി ശ്രീകുമാർ കൊങ്ങരേട്ട് കേരള ഹൈക്കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്.

രജിസ്റ്റർ നഷ്ടപ്പെട്ട കാലയളവിൽ ഡെപ്യൂട്ടി കമ്മീഷണറായി വിരമിച്ച ഉദ്യോഗസ്ഥന്റെ പങ്ക് വ്യക്തമാക്കുന്നതാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ട്. ഈ ഉദ്യോഗസ്ഥരടക്കം ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് വിജിലൻസ് എസ്.പി. ദേവസ്വം ബോർഡിന് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

തുടർന്ന്, 2025-ൽ ഇപ്പോഴത്തെ വിജിലൻസ് എസ്.പി. സുനിൽകുമാർ ഐ.പി.എസ് വീണ്ടും വിശദമായ അന്വേഷണ റിപ്പോർട്ട് ദേവസ്വം ബോർഡിന് സമർപ്പിച്ചു. എന്നാൽ, ഈ റിപ്പോർട്ടിന്മേലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകാൻ പോലും ബോർഡ് തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം.

ഏകദേശം 20 വർഷത്തിലധികമായി തിരുവാഭരണ രജിസ്റ്ററിന്റെ ഒരു ഫോട്ടോകോപ്പി മാത്രമാണ് ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ളത്. 50 വർഷം മുൻപ് ക്ഷേത്രത്തിലെ കൊടിമരത്തിന്റെ പറകൾക്ക് സ്വർണം പൊതിഞ്ഞതുൾപ്പെടെയുള്ള സുപ്രധാന രേഖകൾ ഈ രജിസ്റ്ററിൽ ഉണ്ടായിരുന്നു. എന്നാൽ, ഈ രജിസ്റ്ററോ അതുമായി ബന്ധപ്പെട്ട രേഖകളോ ആറന്മുള തിരുവാഭരണം കമ്മീഷണർ ഓഫീസിലും ലഭ്യമല്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്നും ഡെപ്യൂട്ടി കമ്മീഷണറായി വിരമിച്ച ഉദ്യോഗസ്ഥന്റെ കാലയളവിലാണ് രജിസ്റ്റർ നഷ്ടപ്പെട്ടതെന്ന് വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായിട്ടും ആക്കാലയളവിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകുന്നതിന് പോലും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ല.

തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിന്റെ സ്ട്രോങ്ങ് റൂമിലാണ് തിരുവല്ല ഗ്രൂപ്പിൽപ്പെട്ട തിരുവൻവണ്ടൂർ, തൃക്കവിയൂർ മഹാദേവ ക്ഷേത്രം, തൃക്കുരട്ടി മഹാദേവക്ഷേത്രം തുടങ്ങിയ നിരവധി ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളും സൂക്ഷിച്ചിരിക്കുന്നത്. ഇത്തരം ഒരു സുപ്രധാന രേഖ നഷ്ടപ്പെട്ട സംഭവത്തിൽ ദേവസ്വം ബോർഡ് നടപടിയെടുക്കാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.

തിരുവാഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിൽ തിരുവാഭരണം കമ്മീഷണർ നേരിട്ട് നടത്തിയ ഇടപെടലുകളും സംശയാസ്പദമാണെന്ന ആരോപണം ശക്തമാണ്. കോടിക്കണക്കിന് രൂപയുടെ തിരുവാഭരണങ്ങളുടെ രേഖകൾ നഷ്ടപ്പെട്ട വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഈ നിസ്സംഗത പൊതുസമൂഹത്തിൽ ആശങ്ക ഉയർത്തുന്നുണ്ട്. കേസിൽ ഹൈക്കോടതിയുടെ തുടർ ഇടപെടലുകൾക്കായി കാത്തിരിക്കുകയാണ് പരാതിക്കാരൻ.

Related Articles

Latest Articles