Thursday, January 8, 2026

‘ചതവുകള്‍ ഹൃദ്‌രോഗം വര്‍ധിപ്പിച്ചിരിക്കാം’; തിരുവല്ലം കസ്റ്റഡി മരണത്തിൽ പോലീസ് വാദം പൊളിയുന്നു

തിരുവല്ലം: തിരുവല്ലം കസ്റ്റഡി മരണത്തിൽ (Thiruvallom Custody Death)പോലീസ് വാദം പൊളിയുന്നു. സുരേഷിനെ മർദിച്ചിട്ടില്ലെന്ന പൊലീസ് വാദം കളവ് ആണെന്നാണ് കണ്ടെത്തൽ. ശരീരത്തിലെ ചതവുകള്‍ ഹൃദ്‌രോഗം വര്‍ധിപ്പിച്ചിരിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മരണകാരണം ഹൃദയാഘാതമെങ്കിലും ചതവുകളില്‍ അന്വേഷണം വേണമെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറയുന്നത്. അതേസമയം തിരുവല്ലത്ത് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. തിരുവല്ലം സ്റ്റേഷനിലെ എസ് ഐ വിപിൻ, ഗ്രേഡ് എസ് ഐ സജീവ്, വൈശാഖ് എന്നിവർക്കാണ് സസ്‌പെഷൻ. സി ഐയ്ക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു.

തിരുവല്ലം ജഡ്‌ജിക്കുന്നിൽ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിന്റെ പേരിൽ സുരേഷ് അടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രതികളെ കസ്റ്റഡിയിൽ എടുത്തപ്പോൾ നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. കസ്റ്റഡിയിലെടുത്ത സുരേഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസിന്റെ മർദ്ദനമേറ്റാണ് സുരേഷ് മരിച്ചതെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിരുന്നു.

Related Articles

Latest Articles