Monday, May 13, 2024
spot_img

ആർഡിഒ കോടതിയിലെ മോഷണം; ക്രൈംബ്രാഞ്ച് അന്വേഷണ ഉത്തരവിറക്കാതെ ആഭ്യന്തര വകുപ്പ് അന്വേഷണ അട്ടിമറിക്ക് പിന്നിൽ ഉദ്യോസ്ഥരെ സംരക്ഷിക്കാനെന്നാണ് ആക്ഷേപം.

തിരുവനന്തപുരം:ആർഡിഒ കോടതിയിൽ നിന്നും തൊണ്ടിമുതൽ മോഷ്ടിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിറക്കാതെ ആഭ്യന്തരവകുപ്പിന്‍റെ ഒളിച്ചു കളി. അന്വേഷണ അട്ടിമറിക്ക് പിന്നിൽ ഉദ്യോസ്ഥരെ സംരക്ഷിക്കാനെന്നാണ് ആക്ഷേപം. ഒരു മുൻ സീനിയർ സൂപ്രണ്ടാണ് സ്വർണ മോഷണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടും ഇതേവരെ അറസ്റ്റുമുണ്ടായിട്ടില്ല. സ്വപ്ന സുരേഷിനെതിരായ കേസിലും മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിലും മണിക്കൂറുകൾക്കുള്ളിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു.

ആർഡിഒ കോടതിയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന നൂറുപവനിലധികം സ്വർണവും, ഇതുകൂടാതെ വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. കളക്ടറിലേറ്റിൽ നിന്നും തൊണ്ടിമുതലുകള്‍ കാണാതായതിന് കഴിഞ്ഞ മാസം 31നാണ് സബ് കളക്ടറുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തത്. കളക്ടേറ്റിൽ നിന്നും തൊണ്ടിമുതലുകൾ മോഷ്ടിച്ച കേസ് വിജിലൻസിന് കൈമാറാൻ റവന്യൂവകുപ്പ് ശുപാർശ ചെയ്തു. സീനിയർ സൂപ്രണ്ടാണ് തൊണ്ടിമുതലുകളുടെ കസ്റ്റോഡിയന്‍. സ്വർണം മോഷണം പോയ കാലയളവിൽ 20 ലധികം സീനിയർ സൂപ്രണ്ടുമാരാണ് സ്വർണ സൂക്ഷിച്ചിരുന്നത്. ഇതിൽ ചിലർ ഇപ്പോള്‍ സ്ഥാനകയറ്റം ലഭിച്ച ഡെപ്യൂട്ടി കളക്ടർമാരാണ്, ചില‍ർ വിരമിച്ചു. പലരും സർവ്വീസ് സംഘടനയിൽ സ്വാധീനമുള്ളവരാണ്. സീനിയർ സൂപ്രണ്ടുമാരായ ചുമതലയേറ്റെടുക്കുമ്പോള്‍ തൊണ്ടിമുതലുകള്‍ തൂക്കി തിട്ടപ്പെടുത്തി രജിസ്റ്ററിൽ രേഖപ്പെടുത്തിവേണം ഓരോ ഉദ്യോഗസ്ഥനും സ്ഥാനമേറ്റെടുക്കേണ്ടത്. പക്ഷെ ഈ മാനദണ്ഡം ഉദ്യോഗസ്ഥർ പാലിച്ചിട്ടില്ല.

വിജിലൻസ് അന്വേഷണം വന്നാൽ സ്വർണം മോഷ്ടിച്ച ഉദ്യോഗസ്ഥർക്ക് മാത്രമല്ല ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ചവരുത്തിയവർക്കെതിരെയും കേസെടുക്കാം. പക്ഷെ റവന്യൂവകുപ്പിന്‍റെ ശുപാർശ ആഭ്യന്തരവകുപ്പ് മടക്കി. ക്രൈം ബ്രാഞ്ച് അന്വേഷണമാണ് അഭികാര്യമെന്നായിരുന്നു ആഭ്യന്തരവകുപ്പിൻെറ നിലപാട്. ക്രൈം ബ്രാഞ്ചിൻെറ പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറാൻ തീരുമാനിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ഇതേവരെ ഉത്തരവിറങ്ങിയിട്ടില്ല.

ഇപ്പോഴും പേരൂർക്കട പൊലീസാണ് കേസ് അനേഷിക്കുന്നത്. സ്വർണ കടത്തുവിവാദത്തിന് പിന്നാലെ ക്രമസമാധാന പ്രശ്നങ്ങളുണ്ടായപ്പോള്‍ ലോക്കൽ പൊലീസിലെ ഉദ്യോഗസ്ഥരെ അതിനായി നിയോഗിച്ചതോടെ അന്വേഷണവും മന്ദഗതിയിലായി. തൊണ്ടിമുതലുകള്‍ മോഷ്ടിച്ചുവെന്ന സംശയിക്കുന്ന ഒരു മുൻ സീനിയർ സൂപ്രണ്ടിലേക്ക് അന്വേഷണമെത്തിയെങ്കിലും ക്രൈം ബ്രാഞ്ചിന് അന്വേഷണം കൈമാറുന്നതിനാൽ അറസ്റ്റിലേക്ക് ഇതേവരെ പേരൂർക്കട പൊലീസ് നീങ്ങിയിട്ടില്ല. ഇനിയും തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്വപ്നക്കെതിരെയാ ഗൂഡാലോചന കേസിലെയും മുഖ്യമന്ത്രിക്കെതിരെ വധശ്രമക്കേസിലും കേസെടുത്ത് മണിക്കൂറുകള്‍ക്കുള്ളതിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ഗുരുതരമായ കുറ്റകൃത്യം കളക്ടറേറ്റിൽ നടന്നതായി കണ്ടെത്തിയിട്ടും അന്വേഷണം അട്ടിമറിക്കുന്നത് ആർക്കുവേണ്ടിയെന്നതാണ് ചോദ്യം.

Related Articles

Latest Articles