Wednesday, October 7, 2026

തിരുവഞ്ചൂർ സഭാനാഥൻ !പതിനാറാമത് നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം : മൂന്ന് മുന്നണികൾ നേർക്കുനേർ പോരാടിയ സ്പീക്കർ തെരഞ്ഞെടുപ്പിൽ കോട്ടയം എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ മന്ദിരത്തിൽ നടന്ന വോട്ടെടുപ്പിൽ 101 വോട്ടുകൾ നേടിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ വിജയമുറപ്പിച്ചത്. സഭയിലെ 139 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായ സിപിഎമ്മിലെ എ.സി. മൊയ്തീന് 35 വോട്ടുകളും എൻ.ഡി.എ സ്ഥാനാർത്ഥിയായ ബി.ജെ.പിയിലെ ബി.ബി. ഗോപകുമാറിന് മൂന്ന് വോട്ടുകളും ലഭിച്ചു. സഭയിലെ മുതിർന്ന അംഗവും പ്രോടേം സ്പീക്കറുമായ ജി. സുധാകരന്റെ നിയന്ത്രണത്തിലായിരുന്നു വോട്ടെടുപ്പ് നടപടികൾ പൂർത്തിയായത്. പ്രോടേം സ്പീക്കറായതിനാൽ ജി. സുധാകരൻ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ സഭാ നേതാവും മുഖ്യമന്ത്രിയുമായ വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറുടെ ഔദ്യോഗിക കസേരയിലേക്ക് ആനയിച്ചു. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികൾ സ്പീക്കർ പദവി ലക്ഷ്യമിട്ട് ഒരേസമയം മത്സരരംഗത്തിറങ്ങിയത് എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.

തിരുവഞ്ചൂർ രാധാകൃഷ്ണനെ നാമനിർദേശം ചെയ്തുകൊണ്ട് ഭരണപക്ഷത്തുനിന്ന് നാല് സെറ്റ് പത്രികകളാണ് സമർപ്പിക്കപ്പെട്ടിരുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ച് സണ്ണി ജോസഫ് പിന്താങ്ങിയതായിരുന്നു ആദ്യ പത്രിക. പി.കെ. കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ എന്നിവർ മറ്റ് പത്രികകൾ സമർപ്പിക്കുകയും യഥാക്രമം പി.കെ. ബഷീർ, അനൂപ് ജേക്കബ്, സി.പി. ജോൺ എന്നിവർ ഇവ പിന്താങ്ങുകയും ചെയ്തു. എ.സി. മൊയ്തീനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിർദേശിച്ച് കെ. രാജൻ പിന്താങ്ങിയ പത്രികയും കെ.എൻ. ബാലഗോപാൽ നിർദേശിച്ച് പി.കെ. പ്രവീൺ പിന്താങ്ങിയ പത്രികയുമാണ് സമർപ്പിച്ചിരുന്നത്. ബി.ബി. ഗോപകുമാറിന്റെ പത്രികയിൽ രാജീവ് ചന്ദ്രശേഖർ പേര് നിർദേശിക്കുകയും വി. മുരളീധരൻ പിന്താങ്ങുകയും ചെയ്തു

Related Articles

Latest Articles