ദില്ലി: വിദേശ നിക്ഷേപകർക്ക് ഭാരതത്തിന്റെ വളർച്ചയിലേക്ക് പങ്കാളികളാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജർമ്മൻ ബിസിനസ് 2024-ന്റെ 18-ാമത് ഏഷ്യ-പസഫിക് കോൺഫറൻസിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്.
ജർമ്മൻ ബിസിനസുകാരെ ഭാരതത്തിൽ നിക്ഷേപത്തിനായി ക്ഷണിച്ച പ്രധാനമന്ത്രി, ‘മേക്ക് ഇൻ ഇന്ത്യ’യും ‘മേക്ക് ഫോർ ദ വേൾഡ്’ സംരംഭങ്ങളും ലോകവ്യാപകമായി വ്യാപിപ്പിക്കുന്നതിനും ഇപ്പോഴുള്ള അവസരത്തെ ഉപയോഗപ്പെടുത്താൻ നിർദ്ദേശിച്ചു.
കൂടാതെ, ഇന്ത്യൻ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കുള്ള വിസ 20,000 ൽ നിന്ന് 90,000 ആയി വർദ്ധിപ്പിച്ച ജർമ്മനിയുടെ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ഇത് ഭാരത്തിന്റെ തൊഴിൽ വൈദഗ്ധ്യത്തിനുള്ള വലിയ അംഗീകാരമാണെന്നും പറഞ്ഞു.
ഭാരതം ജനാധിപത്യം, ജനസംഖ്യ, ആവശ്യകത, ഡാറ്റ എന്നിവയിൽ ശക്തമായ അടിസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നുവെന്നും, തുറമുഖങ്ങൾ, റോഡുകൾ തുടങ്ങിയ മേഖലകളിൽ നിക്ഷേപം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്തോ-പസഫിക് മേഖലയുടെ ഭാവി വളർച്ചയിൽ ഭാരതം നിർണായക പങ്കു വഹിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

