Wednesday, September 30, 2026

ഇതാണ് തിരിച്ചു വരവ് !! പുതിയ പദ്ധതിയിൽ ഐഎസ്ആർഒയുടെ പങ്കാളിത്തം തേടി നാസ

മനുഷ്യന്റെ ചാന്ദ്ര പര്യവേക്ഷണ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് അമേരിക്കയുടെ നാസ, ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒയ്ക്ക് തങ്ങളുടെ അഭിമാനകരമായ ‘മൂൺ ബേസ്’ (Moon Base) പദ്ധതിയിലേക്ക് ഔദ്യോഗികമായി ക്ഷണം നൽകിയിരിക്കുന്നു. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിലെ ഏറ്റവും നിർണ്ണായകമായ ചുവടുവെപ്പുകളിൽ ഒന്നാണിത്. ചാന്ദ്ര പര്യവേക്ഷണത്തിലും മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ദൗത്യങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം പുതിയൊരു തലത്തിലേക്ക് ഉയർത്താൻ ഈ ക്ഷണം വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ നാഷണൽ സ്പേസ് പോളിസിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർച്ച് 24-ന് നടന്ന നാസയുടെ ‘ഇഗ്നിഷൻ’ (Ignition) ചടങ്ങിലാണ് മൂൺ ബേസ് പദ്ധതി ആദ്യമായി പ്രഖ്യാപിക്കപ്പെട്ടത്. ബഹിരാകാശ മേഖലയിൽ അമേരിക്കൻ നേതൃത്വം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. തുടർന്ന് ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് നടന്ന ഇന്ത്യ-യു.എസ് സിവിൽ സ്പേസ് ജോയിന്റ് വർക്കിംഗ് ഗ്രൂപ്പിന്റെ (CSJWG) ഒമ്പതാമത് യോഗത്തിലാണ് നാസ ഈ സുപ്രധാന ക്ഷണം ഔദ്യോഗികമായി അറിയിച്ചത്. യു.എസ്-ഇന്ത്യ ‘ട്രസ്റ്റ്’ (TRUST) ഉദ്യമത്തിന്റെ ഭാഗമായി സിവിൽ, കൊമേഴ്സ്യൽ ബഹിരാകാശ സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഇരുരാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരാണ് യോഗത്തിൽ ഒത്തുകൂടിയത്. #moonbase #isro #nasa #indiausa #spaceexploration #artemisaccords #spaceseport #tatwamayinews

Related Articles

Latest Articles