Saturday, April 27, 2024
spot_img

ഇതാണ് ഭാരതത്തിന്റെ നാരീശക്തി;സൈനിക ഓപ്പറേഷനുകൾ നയിക്കാൻ ആകാശത്ത് പെൺകരുത്ത്; ഇന്ത്യൻ കരസേനയിലെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റായി ഇനി ക്യാപ്റ്റൻ അഭിലാഷ ബാരക്

 

ദില്ലി: ഇന്ത്യൻ കരസേനയിലെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റായി ഇനി ക്യാപ്റ്റൻ അഭിലാഷ ബാരക്. ഹരിയാനയിൽ നിന്നുള്ള ഈ 26കാരി നാസിക്കിലെ കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിംഗ് സ്‌കൂളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് ഹെലികോപ്റ്റർ പൈലറ്റായി ആർമി ഏവിയേഷൻ കോറിൽ ചേരുന്നത്. 2018 ലാണ് സൈനിക അക്കാദമിയിൽ നിന്ന് ട്രെയിനിംഗ് പൂർത്തിയാക്കിയ ശേഷം അഭിലാഷ ആർമി ഏവിയേഷൻ ഡിഫൻസ് കോറിന്റെ ഭാഗമായത്. അഭിലാഷയുടെ അച്ഛൻ ആർമി ഉദ്യോഗസ്ഥനായിരുന്നത് കൊണ്ട് തന്നെ മിലിട്ടറി കന്റോൺമെന്റുകളിൽ ചുറ്റും യൂണിഫോം ധരിച്ച ആളുകളെ കണ്ടുകൊണ്ടാണ് ആ പെൺകുട്ടി ജീവിച്ചത്. അതുകൊണ്ട് തന്നെ ആ ജീവിതം അഭിലാഷയ്‌ക്ക് ഒരിക്കലും അസാധാരണമായി തോന്നിയില്ല എന്നും അഭിലാഷ പറയുന്നു. പിന്നീട് 2011 ൽ അച്ഛൻ വിരമിച്ചതോടെ ഇതിലെല്ലാം മാറ്റം സംഭവിച്ചുവെന്നും. തുടർന്ന് സഹോദരൻ സൈനിക അക്കാദമിയിൽ നിന്ന് കോഴ്‌സ് പൂർത്തിയാക്കിയെന്നും. 2013 ൽ സഹോദരന്റെ പാസിംഗ് ഔട്ട് പരേഡ് കണ്ടതോടെയാണ് താനും സൈന്യത്തിൽ ചേരാൻ തീരുമാനിച്ചതെന്നും അഭിലാഷ പറയുന്നു.

തുടർന്ന് 2016 ൽ ദില്ലി ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി ടെക്ക് ബിരുദം നേടിയ ശേഷം അഭിലാഷ നേരെ അമേരിക്കയിലേക്ക് പറന്നു. അവിടെ ഡിലോയിറ്റ് കമ്പനിയിലാണ് ജോലി ചെയ്തത്. 2018 ൽ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്ന് പരിശീലനം നേടിയ ശേഷം ഇന്ത്യൻ ആർമിയിൽ ചേർന്നു.ശേഷം ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ ശേഷം താൻ ആർമി ഏവിയേഷൻ കോർ തിരഞ്ഞെടുത്തുവെന്ന് അഭിലാഷ പറയുന്നു. ഫോം പൂരിപ്പിക്കുമ്പോൾ, ഗ്രൗണ്ട് ഡ്യൂട്ടി റോളിന് മാത്രമേ തനിക്ക് യോഗ്യതയുള്ളൂവെന്ന് അറിയാമായിരുന്നു. പക്ഷേ പൈലറ്റ് ആപ്റ്റിറ്റിയൂഡ് ബാറ്ററി ടെസ്റ്റിലും കമ്പ്യൂട്ടറൈസ്ഡ് പൈലറ്റ് സെലക്ഷൻ സിസ്റ്റത്തിലും താൻ യോഗ്യത നേടിയിട്ടുണ്ടെന്ന് പറയുന്നു. ഇന്ത്യൻ സൈന്യം വനിതകളെ യുദ്ധ പൈലറ്റുമാരായി ഉൾപ്പെടുത്താൻ തുടങ്ങുന്ന ദിവസം വിദൂരമല്ലെന്ന് അന്നേ അറിയാമായിരുന്നുവെന്ന് അഭിലാഷ് വ്യക്തമാക്കി.

എന്നാൽ ആർമി എയർ ഡിഫൻസ് കോറിൽ സേവനമനുഷ്ഠിക്കുന്നതിനിടെയാണ് കൺടിജന്റ് കമാൻഡറായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അഭിലാഷയെ തിരഞ്ഞെടുത്തത്. ആദ്യ പരിശ്രമത്തിൽ തന്നെ ആർമി എയർ ഡിഫൻസ് യംഗ് ഓഫീസർ കോഴ്സിൽ ‘എ’ ഗ്രേഡും എയർ ട്രാഫിക് മാനേജ്മെന്റ് ആൻഡ് എയർ ലോസ് കോഴ്സിൽ 75.70 ശതമാനവും നേടിക്കൊണ്ട് അഭിലാഷ വിജയിച്ചു. രണ്ട് വർഷത്തിന് ശേഷം, പൈലറ്റുമാരായി വനിതകളെ ഉൾപ്പെടുത്തുന്നുവെന്ന് പ്രഖ്യാപിച്ചപ്പോൾ ഏറെ സന്തോഷമായിയെന്ന് അഭിലാഷ പറയുന്നു.അതേസമയം പലർക്കും അറിയാത്ത തന്റെ അച്ഛന്റെ ഒരു കഥയും അഭിലാഷ പറഞ്ഞു. 1987-ൽ, ഓപ്പറേഷൻ മേഘദൂതിന്റെ ഭാഗമായി തന്റെ അച്ഛൻ അമർ പോസ്റ്റിൽ നിന്ന് ബനാ ടോപ്പ് പോസ്റ്റിലേക്ക് ഒരു പട്രോളിംഗ് സംഘത്തെ നയിച്ചിരുന്നു. എന്നാൽ മോശം കാലാവസ്ഥ കാരണം അദ്ദേഹത്തിന് സെറിബ്രൽ ഒഡെമ അനുഭവപ്പെട്ടു. ഉടൻ അദ്ദേഹത്തെ അമർ പോസ്റ്റിലേക്ക് തിരികെ കൊണ്ടുവന്ന് പ്രാഥമിക ചികിത്സ നൽകി. തന്റെ അച്ഛന്റെ ജീവൻ പോലും ആർമി ഏവിയേഷൻ കോറിനോട് കടപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് താനും സേനയുടെ ഭാഗമാകാൻ തീരുമാനിച്ചത് എന്നും അഭിലാഷ പറഞ്ഞു

Related Articles

Latest Articles