Tuesday, April 30, 2024
spot_img

ഇതാണ് യഥാർത്ഥ “പോലീസുകാരൻ” ബിഗ് സല്യൂട്ട്!!!

വണ്ടിപ്പെരിയാർ വിഷയത്തിൽ മാധ്യമങ്ങളും ചാനലുകളും സോഷ്യൽ മീഡിയയും അധികം ശ്രദ്ധിക്കാതെ പോയൊരാളും ഒരു പോലീസ് സ്റ്റേഷനുമുണ്ട് . കാക്കിക്കുള്ളിലെ ധാർഷ്ടൃവും നെറികേടുകളും നിത്യസംഭവമാകുന്ന ഇക്കാലത്ത് ആ യൂണിഫോമിന്റെ മാന്യതയും POLICE എന്ന വാക്കിലെ ആറക്ഷരങ്ങളുടെ അർത്ഥവ്യാപ്തിയും തിരിച്ചറിയുന്ന ചിലരെങ്കിലും ബാക്കിയുള്ളത് കൊണ്ടാണ് പ്രിവിലേജുകളുടെ കവചങ്ങളൊന്നുമില്ലാത്ത പാവം ജനങ്ങൾക്ക് നീതിയെന്നത് സംഭവ്യമാകുന്നത്. അതിനാൽ തന്നെ ഇദ്ദേഹത്തെയും ഇദ്ദേഹത്തിനൊപ്പമുള്ള ടീമിനെയും കാണാതിരിക്കാനും അഭിനന്ദിക്കാതിരിക്കാനും തരമില്ല.

വാളയാർ ഒരു ചോദ്യചിഹ്നമായി മുന്നിൽ നില്ക്കുമ്പോൾ , നീതി നിഷേധിക്കപ്പെട്ട രണ്ട് കുഞ്ഞാത്മാക്കൾ അങ്ങകലെയിരുന്ന് തേങ്ങുമ്പോൾ അതിനു കാരണഭൂതരായ മനുഷ്യരും കാക്കിയിട്ടവരായിരുന്നു. കുറ്റവാളികളെ സംരക്ഷിക്കാനുള്ള അവരുടെ വൃഗ്രതയിൽ രണ്ടാമത്തെ കുഞ്ഞും ആദ്യത്തെ കുട്ടിയെപ്പോലെ തൂങ്ങി നിന്നാടി . വാളയാറിൽ ഉഭയകക്ഷി സമ്മതമെന്ന ഏറ്റവും നികൃഷ്ടവും ക്രൂരവുമായ പരാമർശം നടത്തിയ പോലീസ് ഓഫീസർ കാക്കിക്ക് തീരാകളങ്കം വരുത്തിയപ്പോൾ വണ്ടിപ്പെരിയാറിൽ നമ്മൾ കണ്ടത് കാക്കിക്കുള്ളിലെ കർമ്മകുശലത.

പെറ്റമ്മയും ബന്ധുക്കളും പോസ്റ്റ്മോർട്ടം വേണ്ടായെന്നു ശക്തമായി നിലയുറപ്പിച്ചപ്പോൾ , ബന്ധുക്കളുടെ തീരുമാനത്തിന് പിന്തുണയുമായി സ്ഥലം എം.എൽ.എ രംഗത്തെത്തിയപ്പോൾ എതിർപ്പുകൾക്ക് മുന്നിൽ പതറാതെ നിന്ന വണ്ടിപ്പെരിയാര്‍ സി.ഐ ടി.ഡി. സുനില്‍കുമാര്‍ പോസ്റ്റുമോർട്ടം ചെയ്യണം എന്നുറച്ചുനിന്നു . കുഞ്ഞിൻ്റെ കൈപ്പിഴകൊണ്ടു സംഭവിച്ചു പോയ ഒരു തൂങ്ങിമരണം മാത്രമായി അവസാനിക്കുമായിരുന്ന ഒരു മരണത്തെ കേരളം കണ്ട എക്കാലത്തെയും മൃഗീയമായ കൊലപാതകത്തിലേയ്ക്ക് വിരൽ ചൂണ്ടിയത് സുനിൽ കുമാർ എന്ന പോലീസ് ഓഫീസർക്ക് തന്റെ യൂണിഫോമിനോടുണ്ടായിരുന്ന ഡെഡിക്കേഷൻ ഒന്നുകൊണ്ട് മാത്രമാണ്. നിരവധി സമ്മർദ്ദങ്ങളെ അതിജീവിച്ച് വിരലിലെണ്ണാവുന്ന ദിവസങ്ങൾക്കുള്ളിൽ ഈ അത്യാചാരത്തിൻ്റെ ചുരുളുകൾ അഴിച്ചെടുത്ത് കുറ്റവാളിയെ നിയമത്തിനു മുമ്പാകെ കൊണ്ടുവന്ന വണ്ടിപ്പെരിയാർ പോലീസ് സേനയുടെ നായകനു നമ്മൾ അർഹിക്കുന്ന പരിഗണന നല്കിയോ ?

വീട്ടുകാരുടെയും നാട്ടുകാരുടെയും അധികാരികളുടെയും സമ്മര്‍ദം അതിജീവിച്ച് സുനിൽ കുമാർ എന്ന സി.ഐ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് കുഞ്ഞിന്റെ മൃതദേഹം കൊണ്ടുപോകുക തന്നെ ചെയ്തു എന്നിടത്താണ് ഈ കേസിന്റെ വഴിത്തിരിവ്. തനിക്കുമേല്‍ സംഭവിച്ചതെന്തെന്ന് പറയാനുള്ള ഭാഷയും പാകതയുമില്ലാത്ത പൊടികുഞ്ഞിനെ അവൾ ശബ്ദിക്കുകയില്ല എന്ന ഒറ്റ ഉറപ്പിന്മേല്‍ മിഠായി മധുരം നല്കി ലൈംഗികമായി പീഡിപ്പിച്ചു കൊണ്ടിരുന്ന ഒരുത്തനെ തിരിച്ചറിയാൻ അദ്ദേഹത്തിനു കഴിഞ്ഞു. അതിനാൽ തന്നെ ചെങ്കൊടി കവചമായി എടുത്തണിയുമായിരുന്ന ഒരുത്തനെ പഴുതുകളടച്ച് കുടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

പോക്സോ കേസിൻ്റെ ഗൗരവം തിരിച്ചറിഞ്ഞ ഇദ്ദേഹത്തെ പോലുള്ളവരാണ് യഥാർത്ഥ നിയമപാലകർ.ഈ കേസിൻ്റെ പൂർണമായ അന്വേഷണച്ചുമതല ഇതേ ടീമിനെക്കൊണ്ടു തന്നെ ചെയ്യിക്കണം. കേസിൻ്റെ അന്വേഷണം തീർന്ന് കുറ്റപത്രം സമർപ്പിക്കുന്നതു വരെയെങ്കിലും ഈ ടീം തുടരാൻ സർക്കാർ പ്രത്യേക നടപടി സ്വീകരിക്കുകയും വേണം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles