ദില്ലി: മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിമുഴക്കിയ ഒരാൾ പിടിയിൽ. മുംബൈയിലെ വിരാറിലാണ് സംഭവം. പാകിസ്താൻ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പ്രതിയെ മുംബൈ ട്രാഫിക് പോലീസാണ് പിടികൂടിയത്. നിലവിൽ പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞ ദിവസമാണ് മുംബൈയിൽ 26/11 മോഡൽ ഭീകരാക്രമണം നടത്തുമെന്ന് അറിയിച്ചുകൊണ്ടുള്ള വാട്‌സ്ആപ്പ് മെസേജ് വന്നത്. മുംബൈ പോലീസിന്റെ നമ്പറിലേക്കായിരുന്നു സന്ദേശമെത്തിയത്. പാകിസ്താനി നമ്പറിൽ നിന്നാണ് സന്ദേശമെത്തിയത്. ഇതോടെ സംസ്ഥാനം കടുത്ത ജാഗ്രതയിലായിരുന്നു.
ആറ് പേർ ചേർന്ന് രാജ്യത്ത് ഭീകരാക്രമണം നടത്തുമെന്നായിരുന്നു പോലീസിന് ലഭിച്ച ഭീഷണി സന്ദേശത്തിലുണ്ടായിരുന്നത്. തുടർന്ന് മുംബൈ പോലീസ് കമ്മീഷണർ സുരക്ഷയുടെ ഭാഗമായി ‘ഓപ്പറേഷൻ സാഗർ കവച്’ ശക്തമാക്കുമെന്ന് അറിയിച്ചിരുന്നു. പൊതു ജനങ്ങൾക്ക് അസൗകര്യമുണ്ടാക്കാതെ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിലായത്.

