പത്തനംതിട്ട ആറന്മുളയിലെ കള്ളവോട്ട് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി വരണാധികാരി കൂടിയായ ജില്ലാ കളക്ടർ.സബ് കളക്ടർ നേതൃത്വം നൽകുന്ന മൂന്നംഗ സമിതി രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നോയെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകും. ബിഎൽഒയും യുഡിഎഫ് പഞ്ചായത്ത് അംഗവും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് കേസ്. സംഭവത്തിൽ ബൂത്ത് ലെവല്‍ ഓഫീസര്‍ അമ്പിളി, പോളിങ് ഓഫീസര്‍മാരായ ദീപ, കലാ തോമസ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രേഖപ്പെടുത്തിയ വോട്ട് അസാധുവായി കണക്കാക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു.
ആറു വർഷം മുൻപ് മരിച്ചുപോയ അന്നമ്മയുടെ പേരിൽ മരുമകളായ അന്നമ്മ വോട്ട് ചെയ്തതാണ് കള്ളവോട്ട് പരാതിക്ക് ഇടയാക്കിയത്. എ.ആർ.ഒ റിപ്പോർട്ടിനെ തുടർന്ന് മെഴുവേലി ഒന്നാം വാർഡ് മെമ്പർ ശുഭാനന്ദൻ, ബിഎൽഒ അമ്പിളി എന്നിവർക്കെതിരെ ഇലവുംതിട്ട പോലീസ് കേസെടുമെടുത്തു. ഇരുവരും ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആർ. എന്നാൽ മാനനഷ്ടക്കേസുമായ കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ് പഞ്ചായത്ത് അംഗം പറഞ്ഞു.
ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ്. കിടപ്പുരോഗിയായ അന്നമ്മയുടെ വിവരങ്ങൾ വീട്ടിലെത്തിയ പോളിംഗ് ഉദ്യോഗസ്ഥർ കൃത്യമായി പരിശോധിക്കാതെ വോട്ട് രേഖപ്പെടുത്തിയെന്നാണ് കളക്ടറുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. അതേസമയം, ഗൂഢാലോചന നടത്തി കള്ളവോട്ട് ചെയ്തെന്ന ആരോപണത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് എൽഡിഎഫ്.

