Sunday, May 12, 2024
spot_img

“പ്രധാനമന്ത്രി ജല്‍ജീവന്‍ മിഷനിലൂടെ കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചിട്ട് മൂന്ന് വർഷങ്ങൾ !എന്നിട്ടും തിരുവനന്തപുരത്തെ 2.6 ലക്ഷം വീടുകളില്‍ ഇന്നും കുടിവെള്ള പൈപ്പ് കണക്ഷനില്ല !”- സംസ്ഥാന സർക്കാരിന്റെ അലംഭാവത്തെ തുറന്നടിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : മൂന്ന് വര്‍ഷം മുമ്പ് പ്രധാനമന്ത്രി ജല്‍ജീവന്‍ മിഷനിലൂടെ കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചിട്ടും തിരുവനന്തപുരത്തെ 2.6 ലക്ഷം വീടുകളില്‍ ഇന്നും കുടിവെള്ള പൈപ്പ് കണക്ഷന്‍ ലഭ്യമാക്കിയില്ലെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“തിരുവനന്തപുരത്ത് ഏഴ് ലക്ഷം വീടുകളുണ്ട്. ഇവയില്‍ 1.69 വീടുകളില്‍ മാത്രമാണ് 2019ല്‍ ടാപ്പു കുടിവെള്ളം ലഭ്യമായിരുന്നത്. കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നിവിടങ്ങളിലടക്കം ടാപ്പ് വെള്ളം ലഭിക്കാത്ത വലിയൊരു ജനവിഭാഗം ഇപ്പോഴുമുണ്ട്. 2019ല്‍ 23.20 ശതമാനം പേര്‍ക്കു മാത്രം ലഭ്യമായിരുന്ന കുടിവെള്ളം പ്രധാനമന്ത്രി ജല്‍ജീവന്‍ മിഷനിലൂടെ 62.40 ശതമാനം പേരിലെത്തിച്ചു.

സംസ്ഥാന സര്‍ക്കാരിന് 70 കൊല്ലത്തില്‍ ചെയ്യാന്‍ കഴിയാത്തത് നാലര കൊല്ലത്തില്‍ മോദി സര്‍ക്കാര്‍ ചെയ്തു. ഇപ്പോഴും ശുദ്ധമായ ടാപ്പു വെള്ളം ലഭിക്കാത്ത തിരുവനന്തപുരത്തെ 2.6 ലക്ഷം കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കാന്‍ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഇവര്‍ക്കു വെള്ളമെത്തിക്കുക എന്നതിനായിരിക്കും പ്രഥമ പരിഗണന.

മോദി സര്‍ക്കാര്‍ 2019ലാണ് എല്ലാ വീടുകളിലും ടാപ് കണക്ഷന്‍ വഴി കുടിവെള്ളം ഉറപ്പാക്കുന്ന ജല്‍ജീവന്‍ പദ്ധതി ആരംഭിച്ചത്. 1947 മുതല്‍ 2019 വരെയുള്ള 65 വര്‍ഷത്തിനിടെ ഇന്ത്യയില്‍ 3.7 കോടി വീടുകളില്‍ മാത്രമെ ശുദ്ധ കുടിവെള്ളം ലഭ്യമായിരുന്നുള്ളൂ. എന്നാല്‍ ഈ പദ്ധതിയിലൂടെ 2019 മുതല്‍ 2024 വരെ മാത്രം 11.34 കോടി പുതിയ വീടുകളില്‍ കുടിവെള്ളമെത്തിച്ചു. നിരവധി സംസ്ഥാനങ്ങള്‍ ജല്‍ജീവന്‍ മിഷന്‍ 100 ശതമാനം നടപ്പാക്കിയപ്പോള്‍ കേരളം, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ ഇന്‍ഡി മുന്നണിയിലെ സര്‍ക്കാരുകള്‍ ഭരിച്ച സംസ്ഥാനങ്ങള്‍ പിന്നിലായി. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടും ശുദ്ധമായ കുടിവെള്ളം പൗരന്മാരിലെത്തിക്കുന്നതില്‍ ഈ സംസ്ഥാനങ്ങള്‍ പരാജയപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ എന്തു ചെയ്തു, എന്തു ചെയ്തില്ല എന്നതൊക്കെ വിട്ട്, ആരെല്ലാം എന്തൊക്കെ പറയുന്നു എന്നതിനു പിന്നാലെ പോകുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയില്‍ ഹിന്ദുവും മുസല്‍മാനും എല്ലാവരും ഭാരത് മാതാ കീ ജയ് പറയുന്നവരാണ്. അതിനുകഴിയാത്തവരാണ് സഖാക്കള്‍. ജയ് ഹിന്ദ് പറയാന്‍ ചൈനക്കാര്‍ അവരെ അനുവദിക്കില്ല. തിരഞ്ഞെടുപ്പു വേളയില്‍ വികസനവും പുരോഗതിയും കണക്കുകകള്‍ നിരത്തി പറയുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ കൊണ്ടുവരുന്നത് അപഹാസ്യമാണ്.

ഈ തെരഞ്ഞെടുപ്പിനെ ഒരു മത്സരമായിട്ടല്ല കാണുന്നത്. മറിച്ച് തിരുവനന്തപുരത്തെ പുരോഗതിയിലേക്കു നയിക്കാനും മാറ്റങ്ങള്‍ കൊണ്ടുവരാനുമുള്ള ദൗത്യവും നിയോഗവുമായിട്ടാണ് കാണുന്നത്. തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയതിനു ശേഷം തന്റെ ഊര്‍ജ്ജം ആയിരം മടങ്ങ് വര്‍ധിച്ചിട്ടുണ്ട്.

പൊഴിയൂര്‍ പുലിമുട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനിന്ന പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കിയപ്പോള്‍ പലര്‍ക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. 15 വര്‍ഷം ഉറങ്ങിയവരൊക്കെ ഇപ്പോള്‍ ഉണര്‍ന്നിരിക്കുകയാണെന്നും എന്തു വന്നാലും സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യവുമായി മുമ്പോട്ടു തന്നെ പോകും.” – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Latest Articles