Sunday, September 27, 2026

ഓണത്തിനായി ഒരുങ്ങി പുലി സംഘം; പുലിക്കണ്ണ് വരച്ചുകൊണ്ട് മെയ്യെഴുത്ത് ഉദ്ഘാടനം ചെയ്ത് സുരേഷ് ​ഗോപി

തൃശ്ശൂർ: ശക്തൻ പുലിക്കളി സംഘത്തിന്റെ മെയ്യെഴുത്ത് പരിപാടിയിൽ പങ്കെടുത്ത് നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. ഒരു കുട്ടി പുലിയ്‌ക്കടക്കം നാല് പുലികൾക്ക് പുലിക്കണ്ണ് വരച്ചുകൊണ്ട് സുരേഷ് ​ഗോപി മെയ്യെഴുത്ത് ഉദ്ഘാടനം ചെയ്തു. പുലിക്കളിയുടെ പ്രചാരണം ലക്ഷ്യം വെച്ചായിരുന്നു ശക്തൻ പുലിക്കളി സംഘം മെയ്യെഴുത്ത് സംഘടിപ്പിച്ചത്.

പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം, പുലിത്താളത്തിനൊപ്പം ഇളകിയാടിയ പുലിച്ചുവടുകൾ കണ്ട് നടൻ ആസ്വദിച്ച് നിന്നു. ഇനി മുന്നോട്ടുള്ള കാലങ്ങളിൽ വലിയ ആഘോഷങ്ങൾ ഉണ്ടാകില്ല എന്ന് കരുതിയ ഇടത്തിൽ നിന്നാണ് പുലിക്കളി ഉൾപ്പെടെയുള്ളവയുടെ തിരിച്ചു വരവെന്ന് സുരേഷ് ​ഗോപി പറഞ്ഞു.

ചടങ്ങിൽ കൗൺസിലർ റെജി ജോയ് ചാക്കോള അദ്ധ്യക്ഷനായി. വെളിയന്നൂർ സ്വദേശികളായ കദിരേശൻ, പരമു, പാട്ടുരായ്‌ക്കൽ സ്വദേശി സന്തോഷ് എന്നിവർക്കൊപ്പം അഞ്ചാം ക്ലാസുകാരനായ പുതൂർക്കര സ്വദേശി ആദിൻ അനുരാജും പുലി വേഷമണി‍ഞ്ഞു. അശോകൻ പെരിങ്ങാവ്, പ്രേംജി കുണ്ടുവാറ, കുട്ടപ്പൻ വെളിയന്നൂർ, പ്രകാശൻ പാട്ടുരായ്‌ക്കൽ, ബാലസു, രഘു കാനാട്ടുകര തുടങ്ങിയവരാണ് മെയ്യെഴുത്തിന് നേതൃത്വം നൽകിയത്. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ഓണാശംസ നേർന്ന ശേഷമാണ് സുരേഷ് ​ഗോപി മടങ്ങിയത്.

Related Articles

Latest Articles