Friday, May 17, 2024
spot_img

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം നിരസിച്ചു; ഏഴ് സ്ഥാനാര്‍ഥികളില്‍ നിന്ന് തുക ഈടാക്കാൻ കളക്ടറിന് ടീക്കാറാം മീണയുടെ നിർദേശം

തിരുവനന്തപുരം : 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വയനാട് ജില്ലയില്‍ ഏഴു സ്ഥാനാര്‍ഥികള്‍ നിയമവിരുദ്ധമായി സ്ഥാപിച്ച പ്രചാരണസാമഗ്രികള്‍ നീക്കംചെയ്ത ചെലവ് അവരില്‍നിന്ന് ഈടാക്കാന്‍ ജില്ലാ കളക്ടറിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ നിര്‍ദേശം. പണമടച്ചില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം സ്ഥാനാര്‍ഥികളെ പ്രോസിക്യൂട്ട് ചെയ്യാനും നിര്‍ദേശിച്ചു.

വയനാട് ജില്ലയിലെ മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി നിയമസഭാ മണ്ഡലങ്ങളില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച പോസ്റ്റര്‍, ബാനര്‍, ഹോര്‍ഡിംഗ്സ് മുതലായവ നീക്കാന്‍ കളക്ടര്‍ വിവിധ സ്ഥാനാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.പലതവണ ആവശ്യപ്പെട്ടിട്ടും മാറ്റാത്തതിനാല്‍ ജില്ലാ ഭരണകൂടം തന്നെ ഇവ നീക്കം ചെയ്യുകയായിരുന്നു. ഇതിന്റെ ചെലവ് അതത് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിലേക്ക് വരവ്‌വെച്ച്‌ അവരോട് തുക അടയ്ക്കാന്‍ കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. പലതവണ നോട്ടീസുകള്‍ നല്‍കിയിട്ടും സ്ഥാനാര്‍ഥികള്‍ മറുപടി നല്‍കാതെ തിരഞ്ഞെടുപ്പ് കമ്മീഷന് അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍ വിശദ പരിശോധനയ്ക്ക് ശേഷം കമ്മീഷന്‍ അപ്പീല്‍ നിരസിക്കുകയും ജില്ലാ കളക്ടറുടെ നടപടി ശരിവെക്കുകയുമായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം 3/720008/ജെ.എസ് II (7/10/2008) ലെ ഖണ്ഡിക ഏഴുപ്രകാരം സ്ഥാനാര്‍ഥികളുടെ പ്രവൃത്തി മാതൃകാപെരുമാറ്റച്ചട്ട ലംഘനമായതിനാല്‍ അവര്‍ തുക അടക്കാന്‍ ബാധ്യസ്ഥരാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് ഒരു എം.എല്‍.എ ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളിലെ ഏഴു സ്ഥാനാര്‍ഥികളില്‍ നിന്ന് എത്രയുംവേഗം ഈടാക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശിച്ചത്.

Related Articles

Latest Articles