Saturday, May 18, 2024
spot_img

മാതൃ കപ്പലുമായുള്ള ബന്ധം നഷ്ടമായതിന് പിന്നാലെ ടൈറ്റൻ പൊട്ടിത്തെറിച്ചു?; അമേരിക്കൻ നേവി ഉപയോഗിക്കുന്ന രഹസ്യ നിരീക്ഷണ സംവിധാനം, പൊട്ടിത്തെറി ശബ്ദം പിടിച്ചെടുത്തിരുന്നുവെന്ന് റിപ്പോർട്ട്

വാഷിങ്ടൻ : ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്‌ക്കിടെ അപ്രത്യക്ഷമായ അന്തർവാഹിനി പൊട്ടിത്തെറിച്ചതിന്റെ ഭാഗമായുണ്ടായ ശബ്ദ തരംഗങ്ങൾ അമേരിക്കൻ നാവികസേന പിടിച്ചെടുത്തിരുന്നതായി റിപ്പോർട്ട്. മാതൃ കപ്പലായ പോളാർ പ്രിൻസുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതിനു തൊട്ടുപിന്നാലെ തന്നെ കടലിലെ മർദ്ദം താങ്ങാനാകാതെ അന്തർവാഹിനി പൊട്ടിത്തെറിച്ചിരുന്നെന്നാണ് അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്. അമേരിക്കൻ നാവികസേനയുടെ ശബ്ദ നിരീക്ഷണ സംവിധാനം വഴി ഈ ശബ്ദ തരംഗങ്ങൾ പിടിച്ചെടുത്തിരുന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അന്തര്‍വാഹിനികളെ കൃത്യമായി സ്പോട്ട് ചെയ്യാൻ സേന ഉപയോഗിക്കുന്ന രഹസ്യ നിരീക്ഷണ സംവിധാനമാണ് ശബ്ദ തരംഗങ്ങൾ പിടിച്ചെടുത്തത് . ശബ്ദരേഖ സേന വിശദമായി വിശകലനം ചെയ്തപ്പോള്‍ പൊട്ടിത്തെറിമൂലമോ ഉള്‍വലിഞ്ഞുള്ള സ്ഫോടനം മൂലമോ ഉണ്ടായ ശബ്ദ തരംഗങ്ങളാണിവ എന്ന് മനസിലായി. ആശയവിനിമയം നഷ്ടപ്പെടുമ്പോള്‍ ടൈറ്റന്‍ പ്രവര്‍ത്തിച്ചിരുന്ന പരിസരത്തുനിന്നാണ് ശബ്ദം വന്നതെന്നും വിശകലത്തില്‍ വ്യക്തമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം. ഫ്രഞ്ച് നിർമ്മിത വിക്ടർ 6000 റോബോട്ട് സമുദ്രോപരിതലത്തിൽനിന്ന് 4 കിലോമീറ്റർ താഴെ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് പേടകം തകർന്നെന്നും യാത്രക്കാർ മരിച്ചെന്നും സ്ഥിരീകരിച്ചത്.

അഞ്ച് യാത്രികരുമായി ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനായി കടലിന്റെ അടിത്തട്ടിലേക്കു നീങ്ങിയ, ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന സ്വകാര്യ കമ്പനിയുടെ ‘ടൈറ്റൻ’ എന്ന അന്തർവാഹിനിയാണ് യാത്രയ്ക്കിടെ കാണാതായത്. പ്രശസ്ത പാക് വ്യവസായി ഷഹ്സാദാ ദാവൂദ്, മകൻ സുലേമാൻ, ബ്രിട്ടിഷ് വ്യവസായി ഹാമിഷ് ഹാർഡിങ്, പ്രശസ്ത ഫ്രഞ്ച് ഡൈവർ പോൾ ഹെൻറി നാർജിയോലെറ്റ് , യാത്ര സംഘടിപ്പിച്ച ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് സ്റ്റോക്ടൻ റഷ് എന്നിവരാണ് അന്തർവാഹിനിയിൽ യാത്ര ചെയ്തിരുന്നത്. പൊട്ടിത്തെറിയിൽ ഇവർ മരിച്ചുവെന്നാണ് റിപ്പോർട്ട്. മൃതദേഹങ്ങൾ വീണ്ടെടുക്കക അതീവ ദുഷ്കരമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Latest Articles