Wednesday, May 22, 2024
spot_img

തൃണമൂൽ കോൺഗ്രസിൽ തമ്മിലടി രൂക്ഷം: ഒരു നേതാവിന് ഒരു പദവി നയത്തിൽ മമതയും അനന്തരവന്‍ അഭിഷേകും തമ്മില്‍ തര്‍ക്കം

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ തമ്മിലടി രൂക്ഷമെന്ന് (TMC Conflict In Bengal) റിപ്പോർട്ട്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അനന്തരവന്‍ അഭിഷേക് ബാനര്‍ജിയും തമ്മിലാണ് അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുന്നത്.
പാര്‍ട്ടിയിലെ ഒരു നേതാവിന് ഒരു പദവിയെന്ന അഭിഷേകിന്റെ നയങ്ങളോട് തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുള്ളതാണ് മമത- അഭിഷേക് അഭിപ്രായ ഭിന്നതയ്ക്ക് കാരണമെന്നാണ് സൂചന. പ്രശാന്ത് കിഷോറിന്റെ പൊളിറ്റിക്കല്‍ സ്ട്രാറ്റര്‍ജി ഗ്രൂപ്പായ ഐ പാക്(ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി) നിര്‍ദേശ പ്രകാരമാണ് അഭിഷേക് കാര്യങ്ങള്‍ ചെയ്യുന്നതെന്നതെന്നാണ് തൃണമൂലിനുള്ളിലെ ചില നേതാക്കളുടെ ആരോപണം. എന്നാൽ തൃണമൂല്‍ കോണ്‍ഗ്രസും ഐ പാക്കും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ന് മമത ബാനര്‍ജി ഒരു യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

അതേസമയം പാര്‍ട്ടിയില്‍ ഒരു നേതാവിന് ഒരു പദവിയെന്ന നയത്തെ അനുകൂലിച്ചുകൊണ്ടുള്ള കുറിപ്പുകള്‍ തങ്ങളുടെ സമ്മതമില്ലാതെ ഐ പാക് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും പോസ്റ്റ് ചെയ്യുകയാണെന്നും തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചിട്ടുണ്ട്. അഭിഷേകാണ് ഇതിന് പിന്നിലെന്ന തരത്തിലാണ് ആരോപണം. എന്നാല്‍ അനുവാദം കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചെന്ന ആരോപണം ഐ പാക് പൂര്‍ണമായി തള്ളി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ യാതൊരു വിധ ഡിജിറ്റല്‍ പ്രോപര്‍ട്ടിയും തങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് പ്രശാന്ത് കിഷോറിന്റെ ഐ പാക് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് പ്രതികരിക്കുകയായിരുന്നു.

ഇത്തരം പ്രചരണം നടത്തുന്നവര്‍ക്ക് ഒന്നുകില്‍ വിവരമില്ലാത്തതാകാമെന്നും അല്ലെങ്കില്‍ അവര്‍ പച്ചക്കള്ളം പറയുന്നതാകാമെന്നും ഐ പാക് ട്വീറ്റ് ചെയ്തു. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ്- പ്രശാന്ത് കിഷോര്‍ അഭിപ്രായ ഭിന്നതയും വാക്പോരും മുറുകുകയാണ്. അനുവാദമില്ലാതെ തൃണമൂല്‍ നേതാക്കളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എങ്ങനെ ഉപയോഗിക്കപ്പെട്ടെന്ന് പാര്‍ട്ടി സ്വയം പരിശോധിക്കണമെന്നും ഐ പാക് ആവശ്യപ്പെടുകയായിരുന്നു.

Related Articles

Latest Articles