ആലപ്പുഴ : പാർട്ടിയുടെയും അണികളുടെയും മണ്ടത്തരങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ആലപ്പുഴയിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ഭാര്യയെ ഒഴിവാക്കാൻ ഏരിയാ കമ്മിറ്റി അംഗമായ യുവ നേതാവ് ആഭിചാരക്രിയ നടത്തിയതായി ആരോപണം. ഇയാൾക്കെതിരെ പാർട്ടി അംഗമായ ഭാര്യാ പിതാവ് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും പരാതി നൽകി. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മർദിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
ഇതോടെ ഗ്രൂപ്പ് പോര് ശക്തമായി നിലനിൽക്കുന്ന ജില്ലയിൽ ജില്ലാ പഞ്ചായത്ത് അംഗവും കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ യുവനേതാവിനെതിരായ പീഡനപരാതി എതിർ ചേരിക്കാർ ആയുധമാക്കുകയാണ്. ആരോപണവിധേയനായ യുവനേതാവ് നാട്ടില്‍നിന്ന് മാറിനില്‍ക്കുകയാണ്.
നേതാവിന്റെയും ഭാര്യയുടെയും വിവാഹം മിശ്രവിവാഹമായിരുന്നു. മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലി ഇവരുടെയിടയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും പല തവണ പാര്‍ട്ടി നേതൃത്വം ഇടപെട്ട് പ്രശ്പരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പരാതിയിൽ പറയുന്നു. ഔദ്യോഗിക വാഹനത്തിൽ ആ സ്ത്രീയുമായി യാത്ര പോയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് യുവനേതാവ് ഭാര്യയെ ക്രൂരമായി മര്‍ദിച്ചതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ഭാര്യയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയതിനു പിന്നാലെയാണ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ യുവതിയുടെ പിതാവ് മുഖ്യമന്ത്രിക്കും പാര്‍ട്ടി ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്കും പരാതി നല്‍കിയത്. .
മകളെ ഒഴിവാക്കാനായി ഈ സ്ത്രീക്കൊപ്പം വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തി ആഭിചാരക്രിയകൾ നടത്തിയതായും ഇതിന്റെ തെളിവുകളും പാർട്ടി നേതാക്കൾക്കും മുഖ്യമന്ത്രിക്കും അയച്ച പരാതിക്കൊപ്പം ചേർത്തിട്ടുണ്ടെന്നാണ് പറയുന്നത്.

