Sunday, May 19, 2024
spot_img

ടോയ്‌ലെറ്റ് സീറ്റില്‍ ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങള്‍; ആമസോണിനെതിരേ ബോയ്‌ക്കോട്ട് കാമ്പയിൻ

ദില്ലി: ആമസോണില്‍ വില്പനയ്ക്കു വെച്ച ഷൂവിലും ടോയ്‌ലെറ്റ് സീറ്റിലും ഹിന്ദു ദൈവങ്ങളുടെ പടം ഉപയോഗിച്ചത് വിവാദമാകുന്നു. ഇത്തരം ഉത്പന്നങ്ങള്‍ വില്‍പനയ്ക്ക് വെച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആമസോണ്‍ ബഹിഷ്‌കരണ കാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങളില്‍. റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത പുറത്ത് വിട്ടത്.

ആയിരക്കണക്കിന് ട്വിറ്റര്‍ ഉപയോക്താക്കളാണ് ബോയ്‌ക്കോട്ട് കാമ്പയിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. വിദേശകാര്യമന്ത്രി സുഷമസ്വരാജിനെ ടാഗ് ചെയ്തും വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടും പ്രതിഷേധം മുന്നോട്ടു പോവുകയാണ്.

എന്നാല്‍ ആമസോണ്‍ ഇതുവരെയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ പതാകയുടെ ചിത്രം പതിച്ച ചവിട്ടി ആമസോണിന്റെ ഓണ്‍ലൈനില്‍ 2017ല്‍ വില്‍പനയ്ക്കു വെച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്ന് വിഷയം ശ്രദ്ധയില്‍പെട്ട വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ ഇടപെടുകയും ഇത്തരത്തിലുള്ള എല്ലാ ചവിട്ടികളും പിന്‍വലിച്ച് ആമസോണ്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ടിരുന്നു. മാപ്പ് പറയാത്തപക്ഷം ആമസോണ്‍ ജീവനക്കാരുടെ വിസ പിന്‍വലിക്കുമെന്ന മുന്നറിയിപ്പും നല്‍കി. ആമസോണ്‍ മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് അന്ന് ബോയ്‌ക്കോട്ട് കാമ്പയിന്‍ നിലച്ചത്.

ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിച്ച ടോയ്‌ലെറ്റ് സീറ്റുകള്‍, ചവിട്ടികള്‍ തുടങ്ങിയവ വെബ്‌സൈറ്റില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇതിനോടകം തന്നെ ചില ഉത്പന്നങ്ങള്‍ സൈറ്റില്‍ നിന്ന് പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. പലതും വാങ്ങാന്‍ ലഭ്യമല്ല.

Related Articles

Latest Articles