Friday, May 10, 2024
spot_img

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് ; പ്രതികൾക്ക് ഇന്ന് നിർണായക ദിവസം , ശിക്ഷ ഉയർത്തണമെന്ന ഹർജികളിൽ വിധി ഇന്ന്

ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് പരമാവധിശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെയും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയുടെയും ആവശ്യത്തിൽ ഹൈക്കോടതി ഇന്ന് വിധിപറഞ്ഞേക്കും. ഇക്കാര്യത്തിൽ പ്രതികൾക്ക് പറയാനുള്ളത് കേട്ട കോടതി ഹർജികൾ ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി.

ഇന്നലെ നടന്ന വാദത്തിൽ,കേസില്‍ കുറ്റക്കാരല്ലെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. വധശിക്ഷ വിധിക്കാതിരിക്കാൻ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് ഒന്നാം പ്രതി എം.സി.അനൂപിനോട് കോടതി ചോദിച്ചു. കേസുമായി ഒരു ബന്ധവും ഇല്ലെന്ന് കൊടി സുനി അറിയിച്ചു. വീട്ടിൽ പ്രായമായ അമ്മ മാത്രമേ ഉള്ളൂ എന്നായിരുന്നു കിർമാണി മനോജിന്റെ വാദം. അസുഖമുള്ളതിനാൽ ശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്ന് ജ്യോതിബാബുവും ആവശ്യപ്പെട്ടു.

പ്രതികളുടെ മാനസിക-ശാരീരിക നിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും ജയിലിലെ പെരുമാറ്റ രീതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും കോടതിക്കു കൈമാറിയിരുന്നു. ഇതു പഠിക്കാനുള്ള പ്രതിഭാ​ഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് ശിക്ഷാവിധി മാറ്റിയത്. ഹൈക്കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഇന്നു കാക്കനാട് ജില്ലാ ജയിലിൽ പാർപ്പിക്കും. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളെ തിങ്കളാഴ്ച രാവിലെ പത്തോടെയാണ് കോടതിയിലെത്തിച്ചത്. പത്താംപ്രതി സിപിഎം ഒഞ്ചിയം ഏരിയാകമ്മിറ്റി അംഗമായിരുന്ന കെ.കെ കൃഷ്ണനും കോടതിയിലെത്തി.

12–ാം പ്രതി കുന്നോത്തുപറമ്പ് ലോക്കൽകമ്മിറ്റി അംഗമായിരുന്ന ജ്യോതിബാബു ആരോ​ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ നിന്ന് ഓൺലൈനിലാണ് ഹാജരായത്. കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകി ഹർജി ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. കെ.കെ.കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതി നടപടി റദ്ദാക്കുകയും ചെയ്തു.

2012 മേയ് 4ന് ആർഎംപി സ്ഥാപക നേതാവായ ടി.പി. ചന്ദ്രശേഖരനെ വടകരയ്ക്കടുത്തു വള്ളിക്കാട് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ചന്ദ്രശേഖരൻ സിപിഎമ്മിൽനിന്നു വിട്ടുപോയി തന്റെ സ്വദേശമായ ഒഞ്ചിയത്ത് ആർഎംപി എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കിയതിനു പകരം വീട്ടാൻ സിപിഎമ്മുകാരായ പ്രതികൾ കൊല നടത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്.

Related Articles

Latest Articles