Monday, May 20, 2024
spot_img

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കാൻ തീരുമാനം !പൂജക്ക് ഉപയോഗിക്കുന്നതിൽ തടസ്സമില്ല ; നാളെ മുതൽ പ്രാബല്യത്തില്‍

തിരുവനന്തപുരം: അരളിപ്പൂവില്‍ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം ശക്തമാകുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇനി മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കാനാണ് തീരുമാനം. പൂജയ്ക്ക് ഉപയോഗിക്കുന്നതില്‍ തടസമില്ല. എന്നാല്‍ നിവേദ്യസമര്‍പ്പണം, അര്‍ച്ചന, പ്രസാദം തുടങ്ങിയവയ്ക്ക് ഉപയോഗിക്കില്ല.

തിരുവതാംകൂർ ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്. അരളിക്ക് പകരം പിച്ചിയും തുളസിയുമെല്ലാം ഉപയോഗിക്കും. സമൂഹത്തില്‍ നിലവില്‍ ആകെ പടര്‍ന്നിട്ടുള്ള ആശങ്ക പരിഗണിച്ചാണ് ശ്രദ്ധേയമായ തീരുമാനം. നാളെ മുതല്‍ തന്നെ തീരുമാനം പ്രാബല്യത്തില്‍ വരും.

ആലപ്പുഴ ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്‍റെ മരണത്തിന് പിന്നാലെയാണ് അരളിപ്പൂവിലെ വിഷം വലിയ ചര്‍ച്ചയായത്. ഫോൺ ചെയ്യുന്നതിനിടെ മുറ്റത്തുള്ള അരളിച്ചെടിയില്‍ നിന്ന് പൂവോ ഇലയോ മറ്റോ ഇവര്‍ അബദ്ധത്തില്‍ കഴിച്ചു, ഇതോടെയാണ് മരണം സംഭവിച്ചതെന്നാണ് സംശയം. എന്നാല്‍ ഇത് സംബന്ധിച്ച ശാസ്ത്രീയ പരിശോധനയുടെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും സൂര്യയുടെ മരണത്തോടെ അരളിപ്പൂവ് വിഷമാണ് എന്ന നിലയിലുള്ള പ്രചാരണം ശക്തമായി. ഇതോടെ ആളുകളില്‍ ആശങ്കയും പടര്‍ന്നു. ഇതിന് ശേഷം പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തതിന് പിന്നിലും അരളിപ്പൂവാണ് കാരണമെന്ന സംശയവും ഉയര്‍ന്നുവന്നു.

Related Articles

Latest Articles