Friday, April 26, 2024
spot_img

വൃക്ഷസമൃദ്ധി പദ്ധതി; പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ നട്ടത് 4798 വൃക്ഷത്തൈകൾ

എറണാകുളം: വനേതര മേഖലകളിലെ വനവൽക്കരണം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വൃക്ഷസമൃദ്ധി പദ്ധതിയുടെ ഭാഗമായി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ നട്ടത് 4798 വൃക്ഷത്തൈകൾ. വനം – ത‍ദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ ജൂലൈ 30 വരെ 5.38 ഹെക്ടർ സ്ഥലത്താണ് തൈകൾ നട്ടുപിടിപ്പിച്ചത്. 1450 എണ്ണം കൂടി നടാനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണ്.

പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലായി 7200 വൃക്ഷത്തൈകൾ നട്ടു വളർത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. വിവിധ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് തൈകളുടെ നടീലും തുടർന്നുള്ള പരിപാലനമുൾപ്പടെയുള്ള പ്രവർത്തനങ്ങളും ചെയ്യുന്നത്.

പാലക്കുഴ ഗ്രാമ പഞ്ചായത്തിലാണ് വൃക്ഷസമൃദ്ധിയുടെ ഭാഗമായി ഏറ്റവുമധികം തൈകൾ നട്ടത്. 2000 തൈകൾ നടാൻ ലക്ഷ്യമിടുന്ന പഞ്ചായത്തിൽ 1600 എണ്ണം ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള തിരുമാറാടിയിൽ 1000 തൈകൾ നടാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതിനോടകം 1050 തൈകളാണ് വച്ചുപിടിപ്പിച്ചത്. 854 തൈകൾ നട്ട ഇലഞ്ഞി പഞ്ചായത്തിൽ 150 എണ്ണം കൂടി നടാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

രാമമംഗലം പഞ്ചായത്തിലാണ് ഏറ്റവും അധികം ഭൂമി സാമൂഹിക വനവൽക്കരണത്തിനായി ഉപയോഗിച്ചത്. 2.88 ഹെക്ടറിലായി 794 വൃക്ഷത്തൈകൾ ആണ് ഇതുവരെ നട്ടുപിടിപ്പിച്ചത്. 500 തൈകൾ നട്ട പാമ്പാക്കുട പഞ്ചായത്തിൽ രണ്ടാം ഘട്ടത്തിൽ 700 തൈകൾ കൂടി നടാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

വനേതര പ്രദേശങ്ങളിലെ വനവൽക്കരണം സാധ്യമാക്കുക എന്നതിന് പുറമേ കാർബൺ സ്വാംശീകരണത്തോത് 50 ശതമാനമാക്കുക, ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം, പ്രകൃതിദുരന്തങ്ങൾ എന്നിവയുടെ ലഘൂകരണം, വൃക്ഷത്തൈ ഉത്പാദനത്തിന് തദ്ദേശ സ്ഥാപനങ്ങളെ പ്രാപ്തരാക്കുക, വൃക്ഷത്തൈകളുടെ അതിജീവനം ഉറപ്പാക്കുക, പ്രാദേശിക ജനവിഭാഗങ്ങളുടെ ജീവനോപാധികൾ മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളും വൃക്ഷസമൃദ്ധിക്കുണ്ട്. വനം വകുപ്പാണ് പദ്ധതിക്ക് ആവശ്യമായ തൈകൾ നൽകുന്നത്.

Related Articles

Latest Articles