കൽപ്പറ്റ: വയനാട്ടിലെ കല്‍പ്പറ്റ പോലീസ് സ്‌റ്റേഷന്റെ ശുചിമുറിയില്‍ വനവാസി യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച ഗോകുലിന്റെ അമ്മ ഓമന ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ കോടതി പോലീസിൻ്റെ റിപ്പോർട്ട് കോടതി തേടി. മെയ് 18ന് ശേഷം വിശദമായി വാദം കേൾക്കും. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഗോകുലിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നാലെയാണ് ഗോകുലിനെയാണ് മരിച്ച നിലയിൽ ശുചിമുറിയിൽ കണ്ടെത്തിയത്. സംഭവത്തില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ജിഡി ചാര്‍ജുണ്ടായിരുന്ന എഎസ്‌ഐ ദീപ, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്ത് എന്നിവര്‍ക്കെതിരേയാണ് നടപടി. സംഭവത്തിൽ വയനാട് എസ് പി തപോഷ് ബസുമതാരി ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു . യുവാവ് ശൗചാലയത്തില്‍ പോയി പുറത്തുവരാന്‍ വൈകിയപ്പോള്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിച്ചില്ലെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്തുകൊണ്ടാണ് യുവാവ് തിരികെവരാത്തതെന്ന് പെട്ടെന്ന് നോക്കിയില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടായത്.
നേരത്തെ പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഗോകുലിന്‍റെ ബന്ധുക്കൾ രംഗത്ത് വന്നിരുന്നു. പൊലീസ് പലതവണ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്. ഗോകുലിനെ കൈയിൽ കിട്ടിയാൽ വെറുതെ വിടില്ലെന്നാണ് ഭീഷണി മുഴക്കിയിരുന്നത്. ഗോകുലിനോടൊപ്പം ഉണ്ടായിരുന്ന മറ്റുള്ളവരുടെ ഫോണുകൾ പോലീസ് പിടിച്ചെടുത്തെന്നും ആരോപണമുണ്ട്.
ഗോകുലിന് പ്രായപൂർത്തിയായിരുന്നില്ല. 2007 മെയ് 5 നാണ് ഗോകുൽ ജനിച്ചത്. 18 വയസ് തികയാൻ രണ്ട് മാസം ബാക്കിയുണ്ട്. തിങ്കളാഴ്ച വൈകിട്ട് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്ത ഗോകുലിനോട് രാത്രി മുഴുവൻ സ്റ്റേഷനിൽ നിൽക്കാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാവിലെ 7.45നാണ് കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ഗോകുലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പോലീസ് കസ്റ്റഡിയിലായിരുന്ന ഗോകുല്‍ 7.45-ഓടെ ശൗചാലയത്തില്‍ പോകണമെന്ന് ആവശ്യപ്പെട്ടെന്നും എട്ടുമണിയായിട്ടും യുവാവ് പുറത്തുവരാത്തതിനാല്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് പരിശോധിച്ചപ്പോഴാണ് ധരിച്ചിരുന്ന ഫുള്‍കൈ ഷര്‍ട്ട് ഊരി ശൗചാലയത്തിലെ ഷവറില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്നുമാണ് പോലീസ് പറയുന്നത്. ഉടന്‍ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ഗോകുലിനെയും ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍നിന്ന് കാണാതായത്. ഈ കേസിലാണ് ഗോകുലിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. തിങ്കളാഴ്ച ഇരുവരെയും കോഴിക്കോട് ബീച്ചില്‍വെച്ച് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് വനിതാ സെല്ലില്‍ ഹാജരാക്കിയ ഇരുവരെയും പിന്നീട് കല്പറ്റ സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് ഇരുവരുടെയും വീട്ടുകാരെ വിവരമറിയിക്കുകയും രേഖകളുമായി വരാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്നും പെണ്‍കുട്ടിയെ സഖി സെന്ററിലും ഗോകുലിനെ കസ്റ്റഡിയിലും വെച്ചെന്നുമാണ് പോലീസിന്റെ വിശദീകരണം. ഗോകുലിനെ ഒരുകേസിലും പ്രതിചേര്‍ത്തിട്ടില്ലെന്നും പോക്‌സോ ഉള്‍പ്പെടെയുള്ളവ പരിശോധിക്കാനാണ് കസ്റ്റഡിയില്‍ വെച്ചതെന്നും രണ്ടുവീട്ടുകാരെയും വിവരമറിയിച്ചിരുന്നുതായും പോലീസ് പറഞ്ഞിരുന്നു. ഗോകുലിന്റെ ആത്മഹത്യ, ഇപ്പോള്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. കസ്റ്റഡി മരണം ആയതിനാല്‍ മജിസ്റ്റീരിയല്‍ അന്വേഷണവും നടക്കുന്നുണ്ട്.

