പൊടിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് ദില്ലി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഭാഗികമായി സ്തംഭിച്ചു. ഇതിനെത്തുടർന്ന് നൂറുകണക്കിന് യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി. ഇന്നലെ വൈകുന്നേരം മുതൽ ഇന്ന് രാവിലെ വരെ മാത്രം അമ്പതിലധികം ആഭ്യന്തര വിമാന സർവീസുകൾ വൈകുകയും ഇരുപത്തഞ്ചോളം വിമാനങ്ങൾ വഴിതിരിച്ചു വിടുകയും ഏഴ് വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു.
മോശം കാലാവസ്ഥ വിമാന സർവീസുകളെ ബാധിച്ചിട്ടുണ്ടെന്നും എല്ലാ യാത്രക്കാരെയും സഹായിക്കാൻ തങ്ങളുടെ ജീവനക്കാർ അവരുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ടെന്നും എയർ ഇന്ത്യ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി രാജ്യതലസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടിരുന്നു. മരങ്ങൾ കടപുഴകുകയും വാഹനങ്ങൾക്ക് മുകളിൽ മരച്ചില്ലകൾ വീഴുകയും ചെയ്തതായി ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

