കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ആക്രമണം. ബംഗാളിലെ ദിൻഹത മേഖലയിലാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഘർഷമുണ്ടായത്. ആക്രമണത്തിന് പിന്നാലെ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് സംഘർഷ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ആക്രമണത്തിൽ നിരവധി ബിജെപി പ്രവർത്തകർക്കും സബ് ഡിവിഷണൽ പോലീസ് ഓഫീസർക്കും പരിക്കേറ്റു. പ്രദേശത്തുള്ള ജനങ്ങൾക്ക് സുരക്ഷയൊരുക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സ്ഥലം സന്ദർശിച്ച ശേഷം ആനന്ദ ബോസ് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ജനങ്ങൾക്ക് സമാധാനപരമായും സൗഹാർദ്ദപരമായും ജീവിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിജിപിയുമായി വിഷയം ചർച്ച ചെയ്യും. എവിടെ പ്രശ്‌നമുണ്ടായാലും പരിഹാരവും ഉണ്ടായിരിക്കും. തീർച്ചയായും ഇതിനൊരു പരിഹാരം കണ്ടെത്തും. ഇത്തവണ ബംഗാളിൽ സമാധാനപരമായ തെരഞ്ഞെടുപ്പ് നടക്കുമെന്നും ആനന്ദ ബോസ് പറഞ്ഞു.
അതേസമയം, തൃണമൂലിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി നിസിത് പ്രമാണിക് രംഗത്തെത്തി. തന്റെ വാഹനവ്യൂഹത്തിന് നേരെ തൃണമൂൽ നേതാക്കൾ ആക്രമണം നടത്തിയെന്നും ഇത് ആസൂത്രിത നീക്കമായിരുന്നെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

