Friday, December 26, 2025

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; സാംസ്‌കാരിക ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും, നഗരത്തിൽ മൂന്ന് മണിമുതൽ ഗതാഗത നിയന്ത്രണം! സർക്കാരുമായി ഇടഞ്ഞു നിൽക്കവേ ഗവർണർക്ക് ക്ഷണമില്ല, വനവാസികൾക്കൊപ്പം ഓണം ആഘോഷിക്കുന്നതിനായി ഗവർണർ അട്ടപ്പാടിയിൽ

തിരുവനന്തപുരം: രണ്ടു വർഷത്തെ ഇടവേളക്കുശേഷം നടക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. സമാപന സാംസ്‌കാരിക ഘോഷയാത്ര ഇന്ന് വൈകുന്നേരം 5ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. നിശാഗന്ധിയില്‍ നടക്കുന്ന സമാപനസമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

സമാപന സാംസ്‌കാരിക ഘോഷയാത്ര ഇന്ന് വൈകിട്ട് 5ന് മാനവീയം വീഥിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു, ഘോഷയാത്ര കമ്മിറ്റി ചെയര്‍മാന്‍ ഡി.കെ. മുരളി എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും.

നിശാഗന്ധിയില്‍ വൈകുന്നേരം 7ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മികച്ച ഫ്‌ലോട്ടുകള്‍ക്കുള്ള സമ്മാന വിതരണവും മന്ത്രി നിര്‍വഹിക്കും. മന്ത്രി വി. ശിവന്‍കുട്ടി അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ നടന്‍ ആസിഫ് അലിയാണ് മുഖ്യാതിഥി.

എന്നാൽ, ഓണാഘോഷ സമാനച്ചടങ്ങുകളിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ സർക്കാർ ക്ഷണിച്ചില്ല. സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഘോഷയാത്ര കാണാൻ വിശിഷ്ടാതിഥിയായി ഗവർണർ സകുടുംബം പങ്കെടുക്കുക പതിവാണ്. ഇതിനായി വിനോദസഞ്ചാര വകുപ്പുമന്ത്രി രാജ്ഭവനിലെത്തി ഗവർണറെ ക്ഷണിക്കാറുണ്ട്. ഇക്കുറി സർക്കാരുമായി ഇടഞ്ഞുനിൽക്കുന്നതിനാലാണ് ഗവർണറെ ക്ഷണിക്കാത്തതെന്നാണ് ഉയർന്നുവരുന്ന ആരോപണം.

അതേസമയം വനവാസികൾക്കൊപ്പം ഓണം ആഘോഷിക്കുന്നതിനായി ഗവർണർ അട്ടപ്പാടിയിൽ എത്തിയിരിക്കുകയാണ്. 18-ാം തീയതിയോടെയേ രാജ്ഭവനിൽ തിരിച്ചെത്തുകയുള്ളൂ. ലോകായുക്ത നിയമ ഭേദഗതിയടക്കമുള്ള ഓർഡിനൻസുകൾക്ക് പകരം നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണറുടെ അംഗീകാരത്തിനായി സർക്കാർ ഇനിയും രാജ്ഭവന് കൈമാറിയിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ നടപടി ഉണ്ടാകൂ.

വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ 75 ഫ്‌ളോട്ടുകളും 10 അയല്‍സംസ്ഥാന കലാരൂപങ്ങളും 39 കലാപരിപാടികളുമുള്‍പ്പെടെ 151 ഫ്‌ളോട്ടുകളാണ് ഇക്കുറി ഘോഷയാത്രയിലുള്ളത്. ഘോഷയാത്രയുടെ മുന്നില്‍ മുത്തുക്കുടകളുമായി എന്‍.സി.സി കേഡറ്രുകളുണ്ടാകും. യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലെ വി.വി.ഐ.പി പവലിയനിലാണ് മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ക്ക് ഘോഷയാത്ര വീക്ഷിക്കാനുള്ള സജ്ജീകരണം ഒരുക്കിയിട്ടുള്ളത്.

പബ്‌ളിക് ലൈബ്രറിക്ക് മുന്നിലെ പ്രത്യേക പവലിയനില്‍ സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള കെയര്‍ ഹോമിലെ അന്തേവാസികള്‍ക്കും ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങള്‍ക്കും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഡി.കെ. മുരളി എം.എല്‍.എ, കോര്‍പ്പറേഷന്‍ മരാമത്ത്കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍. അനില്‍, ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ന് വൈകിട്ട് 3ന് ശേഷം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്നും ക്രൈസ്റ്റ് നഗര്‍, നിര്‍മ്മലാ ഭവന്‍ സ്‌കൂളുകള്‍ക്ക് പൂര്‍ണ അവധിയാണെന്നും ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി പ്രത്യേക നിരീക്ഷണ സംവിധാനത്തോടെയുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തില്‍ 3 മണി മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും.

Related Articles

Latest Articles