Sunday, May 19, 2024
spot_img

ലോകത്തെ വിറപ്പിച്ച ദുരന്തമായി തുർക്കി-സിറിയ ഭൂകമ്പം; മരണസംഖ്യ 500 കടന്നു; അവശിഷ്ടങ്ങളിക്കിടയിൽ കുടുങ്ങിക്കിടക്കുന്നത് നിരവധിപേർ; മരണസംഖ്യ ഉയരുമെന്ന് ആശങ്ക; കരളലിയിക്കുന്ന ദൃശ്യങ്ങൾ

തുർക്കിയിലും അയൽ രാജ്യമായ സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണ സംഖ്യ 500 കടന്നു. കെട്ടിടങ്ങൾ വ്യാപകമായി തകർന്നതിനാൽ അവശിഷ്ടങ്ങളിൽ ധാരാളം പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മരണ സംഖ്യ ഉയരുമെന്ന ആശങ്കയിലാണ് രാജ്യം. തുർക്കി ഭരണകൂടം അന്താരാഷ്‌ട്ര സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. 16 തുടർചലനങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു.

തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രകമ്പനമുണ്ടായി. തുര്‍ക്കിയിലെ പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി അറിയിച്ചു. ദുരന്ത മേഖലയിലേക്ക് രക്ഷാസംഘങ്ങളെ അയച്ചുവെന്നും രാജ്യമാകെ ഒന്നിച്ചുനിന്നു ദുരന്തത്തെ നേരിടുമെന്നും തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ ട്വിറ്ററില്‍ അറിയിച്ചു. ആദ്യ ചലനത്തിനു പിന്നാലെ ആറ് തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടുവെന്നും ആളുകള്‍ തകര്‍ന്ന വീടുകള്‍ക്കുള്ളിലേക്ക് കയറരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഭൂകമ്പത്തിൽ ജീവനും സ്വത്തിനും ഉണ്ടായ നാശനഷ്ടങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഇന്ത്യ സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. അന്താരാഷ്‌ട്ര സംഘടനകളും ലോക നേതാക്കളും ഭൂകമ്പ ബാധിതമായ ഇരു രാജ്യങ്ങൾക്കും സഹായം വാഗ്‌ദാനം ചെയ്തിട്ടുണ്ട്.

Related Articles

Latest Articles