Sunday, May 19, 2024
spot_img

തൂത്തുക്കുടിയിൽ പോലീസ് ഭീകരത തുടർകഥ.ജ്യേഷ്ഠനെ കിട്ടാൻ അനുജനെ ക്രൂരമായി തല്ലികൊന്നു

ചെന്നൈ: ജയരാജിന്റെയും ബെനിക്സിന്റെയും കസ്റ്റഡി മരണം നടന്ന് വിരലിലെണ്ണാവുന്ന ദിനങ്ങൾ കഴിയും മുമ്പ് തൂത്തുക്കുടി പൊലീസിന്റെ മറ്റൊരു ക്രൂരത കൂടി പുറത്ത്. അച്ഛന്റയും മകന്റെയും കൊലപാതകത്തിന് കാരണമായ പൊലീസ് ഉദ്യോഗസ്ഥരും ഈ കേസിൽ ഉൾപ്പെടുന്നു.

മേയ് 23നാണ് മഹേന്ദ്രൻ എന്ന ഇരുപത്തെട്ടുകാരനെ സതൻകുളം സബ്ബ് ഇൻസ്പെക്ടർ രഘു ഗണേഷും, സംഘവും മുത്തശ്ശിയുടെ വസതിയിൽ നിന്ന് ബലമായി പിടികൂടിയത്. ഒരു കൊലപാതക കേസിലെ ഒമ്പത് പ്രതികളിൽ ഒരാളായ മഹേന്ദ്രന്റെ ജ്യേഷ്ഠൻ ദുരൈയെ (35) കണ്ടെത്താൻ വേണ്ടിയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

വാറണ്ട് ഇല്ലാതെ വീട്ടിൽ നിന്നും ബലമായി പിടിച്ച് കൊണ്ട് പോയെന്നും വീട്ടുകാർ ആരോപിക്കുന്നു.”നമ്പർ പ്ളേറ്റ് ഇളക്കി മാറ്റിയ കാറിലാണ് അവർ വന്നത്. മുഫ്തിയിലായിരുന്ന രഘു ഗണേഷിന്റെ കയ്യിൽ തോക്കുണ്ടായിരുന്നു. സഹോദരൻ കീഴടങ്ങിയ ശേഷം മാത്രമേ മഹേന്ദ്രനെ റിലീസ് ചെയ്യുകയുള്ളൂവെന്ന് പറഞ്ഞാണ് അവർ അവനെ പിടിച്ച് കൊണ്ടു പോയത്. പിറ്റേന്ന് രാത്രിയാണ് മഹേന്ദ്രനെ അവർ വിട്ടയച്ചത്. തീരെ അവശനായിരുന്നു അവൻ.”- മഹേന്ദ്രന്റെ അമ്മാവൻ പെരുമാൾ പറഞ്ഞു.

എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ മിണ്ടാതിരിക്കാനാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നതെന്ന് ശാരീരിക വെല്ലുവിളി നേരിടുന്ന മഹേന്ദ്രന്റെ അമ്മ വാഡിവു പറഞ്ഞു. കേൾവിക്ക് തകരാറുള്ള വാഡിവുന്റെ ഏക ആശ്രയമായിരുന്നു കൂലിത്തൊഴിലാളിക്കാരനായ ഇളയ മകൻ മഹേന്ദ്രൻ.

മഹേന്ദ്രൻ സുഖം പ്രാപിച്ച് തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങൾ. മസ്തിഷ്കത്തിനേറ്റ ക്ഷതംമൂലം തലച്ചോറിൽ രക്തം കട്ട പിടിച്ച അവസ്ഥയാണ് മഹേന്ദ്രന്റെ മരണത്തിന് കാരണമായതെന്നാണ് എം.ആർ.ഐ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

മരണത്തിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയാനുള്ള ഏക മാർഗം പോസ്റ്റ്മോർട്ടമായിരുന്നു. എന്നാൽ, കൊവിഡ് കേസുകളുണ്ടെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ പോസ്റ്റ്മോർട്ടം നടത്താൻ കൂട്ടാക്കിയില്ല എന്നും കുടുംബം ആരോപിക്കുന്നു. പൊലീസിന്റെ ക്രൂരതയിൽ കൊല്ലപ്പെട്ട തന്റെ മകന്റെ നിരപരാധിത്വം തെളിയിക്കുമെന്നും, മരണത്തിന് കാരണക്കാരായവർക്ക് ശിക്ഷ വാങ്ങി കൊടുത്ത് മകന് നീതി നേടി കൊടുക്കാനായി കോടതിയെ സമീപിക്കുമെന്നും മഹേന്ദ്രന്റെ മാതാവ് പറഞ്ഞു.

Related Articles

Latest Articles