Wednesday, October 14, 2026

ഇരട്ട ചക്രവാതച്ചുഴി!! സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതൽ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
നിലവിൽ തെക്കുകിഴക്കന്‍ അറബിക്കടലിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായും, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തമിഴ്നാട് തീരത്തിനും മുകളിലായുമാണ് ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വിവിധ ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകൾ താഴെ പറയുന്നവയാണ്.
ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. തിങ്കളാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, അടുത്ത 2-3 ദിവസങ്ങള്‍ക്കുള്ളില്‍ തെക്കുപടിഞ്ഞാറന്‍ അറബിക്കടലിന്റെയും തെക്കുകിഴക്കന്‍ അറബിക്കടലിന്റെയും കൂടുതൽ ഭാഗങ്ങളിലേക്കും, ലക്ഷദ്വീപ് പ്രദേശം, ബംഗാള്‍ ഉള്‍ക്കടലിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്കും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മുന്നേറുന്നതിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Related Articles

Latest Articles