ടെഹ്റാൻ: ഇറാനുമായുള്ള സമാധാന കരാറിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ അവകാശവാദങ്ങൾ പൂർണ്ണമായും തള്ളി ഇറാൻ രംഗത്ത്. ട്രംപിന്റെ പ്രസ്താവനകൾ സത്യവും അസത്യവും കലർന്നതാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹോർമുസ് കടലിടുക്ക് നിബന്ധനകളില്ലാതെ തുറന്നുനൽകുമെന്നും ഇറാൻ തങ്ങളുടെ ആണവ സാമഗ്രികൾ നശിപ്പിക്കുമെന്നുമുള്ള ട്രംപിന്റെ വാദങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ വ്യക്തമാക്കി. സമാധാന കരാറിന്റെ കരടിൽ അത്തരമൊരു വ്യവസ്ഥയുമില്ലെന്നും, ഇത്തരം പ്രചാരണങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഇറാൻ ഭരണകൂടം അറിയിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ഇറാന്റെ സ്വന്തം സുരക്ഷാ ക്രമീകരണങ്ങൾക്കും പരിശോധനകൾക്കും വിധേയമായി മാത്രമായിരിക്കുമെന്നും, കപ്പൽ ഗതാഗതത്തിന് നികുതി ഈടാക്കില്ലെന്ന ട്രംപിന്റെ വാദം തെറ്റാണെന്നും ഇറാൻ വ്യക്തമാക്കുന്നു.
അമേരിക്കൻ ഉപരോധത്തെത്തുടർന്ന് മരവിപ്പിച്ചു നിർത്തിയിരിക്കുന്ന 12 ബില്യൺ ഡോളറിന്റെ ഇറാനിയൻ ആസ്തികൾ ഉടനടി ലഭ്യമാക്കുക എന്നതാണ് നിലവിലെ ചർച്ചകളിലെ പ്രധാന വിഷയം. ഈ തുക ലഭ്യമാക്കാതെ സമാധാന ചർച്ചകളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കില്ലെന്ന ശക്തമായ നിലപാടിലാണ് ഇറാൻ.

