Wednesday, January 7, 2026

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു; മരണപ്പെട്ടത് സഹോദരങ്ങളുടെ മക്കൾ

പത്തനംതിട്ട: ഇളകൊള്ളൂരില്‍ അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടുകുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. കുമ്പഴ സ്വദേശികളായ അഭിരാജ് (16), അഭിലാഷ് (17) എന്നിവരാണ് സംഭവത്തിൽ മരിച്ചത്. മരിച്ച കുട്ടികൾ ബന്ധുക്കളാണ്. ഫുട്‌ബോള്‍ കളിക്ക് ശേഷം വെട്ടൂര്‍ ഇല്ലത്ത് കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികൾ .

ഏഴുപേരടങ്ങിയ സംഘമാണ് അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറിങ്ങിയത്. ആദ്യം ഒഴുക്കില്‍പ്പെട്ട അഭിരാജിനെ രക്ഷിക്കാന്‍ അഭിലാഷ് പുഴയിലിറങ്ങുകയായിരുന്നു. അഭിരാജിന് നീന്തലറിയുമായിരുന്നില്ല. തുടർന്ന് രണ്ടുപേരും മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ഒച്ചവെച്ച് ആളെക്കൂട്ടി. കുട്ടികളുടെ അലർച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടികള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരേയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ഡൈവിങ് സംഘവും സ്ഥലത്തെത്തി ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന് തിരച്ചിലിനൊടുവിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.

മൂന്നാള്‍പ്പൊക്കത്തില്‍ ആഴമുള്ള ഭാഗത്ത് ചുഴിപോലെയുള്ള പ്രതിഭാസം രൂപപ്പെട്ടിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടസാധ്യതയുള്ള സ്ഥലമാണെന്ന് പശുവിനെ തീറ്റിക്കാനെത്തിയ സമീപവാസികളിലൊരാള്‍ കുട്ടികൾക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇത് അവഗണിച്ചാണ് കുട്ടികള്‍ കുളിക്കാന്‍ ഇറങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. പത്തനംതിട്ട നഗരസഭയില്‍ 19-ാം വാര്‍ഡ് കുമ്പഴ അതിച്ചന്നൂര്‍ കോളനിയില്‍, സഹോദരങ്ങളുടെ മക്കളാണ് മരിച്ച കുട്ടികൾ .

Related Articles

Latest Articles