Friday, May 17, 2024
spot_img

ജമ്മു കശ്മീരിൽ ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി ഭീകരർ; ലക്ഷ്യം ഹിന്ദുക്കളും സിഖുകാരും; ഒക്ടോബറില്‍ മാത്രം കൊന്നത് ഏഴ് പേരെ

ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ഭീകരരുടെ നരനായാട്ട് (Terrorists Attack In Jammu Kashmir) തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലുപേരാണ് കൊല്ലപ്പെട്ടത്. ഇതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം പന്ത്രണ്ട് ആയിരിക്കുകയാണ്. സൈന്യം ശക്തമായി ഭീകരർക്കെതിരെ തിരിച്ചടിക്കുന്നുമുണ്ട്. കുല്‍ഗാം ജില്ലയില്‍ വാന്‍പൊ പ്രദേശത്തായിരുന്നു തീവ്രവാദികള്‍ കഴിഞ്ഞ ദിവസം കശ്മീരികളല്ലാത്ത രണ്ട് തൊഴിലാളികളെ വെടിവച്ച് കൊന്നത്. അതിനുപിന്നാലെ ബീഹാര്‍ സ്വദേശിയായ ഒരാളെയും ഭീകരർ വെടിവച്ച് കൊന്നിരുന്നു. ന്യൂനപക്ഷങ്ങൾക്ക് നേരെ നടത്തുന്ന ഈ ആക്രമണങ്ങളെ ഡിജിപി വിക്രം സിങ് അപലപിച്ചു. പാകിസ്ഥാനും ഐ എസ് ഐയുമാണ് ഈ നീക്കത്തിന് പിന്നിലെന്നും ഇവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഈയിടെ സൈന്യം രണ്ട് ലഷ്‌കര്‍ ഇ ത്വയിബ (Lashkar-e-Taiba) കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ഏതാനും തീവ്രവാദികളെ കൊന്നതിനുള്ള പകരം വീട്ടലായാണ് ഇതിനെ കരുതുന്നത്. ലാറന്‍ ഗംഗിപോരയില്‍ കശ്മീരികളല്ലാത്ത തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് കയറി തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. രാജ റെഷി ദേവ്, ജോഗിന്ദര്‍ റെഷി ദേവ് എന്നീ ബീഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. തന്‍റെ സഹോദരനാണ് കൊല്ലപ്പെട്ടതെന്ന് ഒരു തൊഴിലാളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആറ് വെടിയുണ്ടകളാണ് ശരീരത്തില്‍ തുളഞ്ഞുകയറിയത്. തീവ്രവാദികള്‍ വിവേചനമില്ലാത്തെ വാടകവീട്ടിലെ തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കശ്മീര്‍ പോലീസും വ്യക്തമാക്കി. ഈ പ്രദേശം ഇപ്പോള്‍ പൊലീസും സേനയും ചേര്‍ന്ന് വളഞ്ഞിരിക്കുകയാണ്.

ഒക്ടോബറില്‍ കശ്മീരികളല്ലാത്ത സാധാരണക്കാര്‍ക്കെതിരെ ശക്തമായ ആക്രമമണമാണ് തീവ്രവാദികള്‍ അഴിച്ചുവിടുന്നത്. ഒക്ടോബര്‍ അഞ്ചിന് കശ്മീരി പണ്ഡിറ്റായ മഖന്‍ ലാല്‍ ബിന്ദ്രു ശ്രീനഗറില്‍ കൊല്ലപ്പെട്ടു. അതിന് പിന്നാലെ സാധാരണ തെരുവില്‍ മധുരം വില്‍ക്കുന്ന ഒരാളും വെടിയേറ്റ് മരിച്ചു. ഒക്ടോബര്‍ ഏഴിന് ഒരു സിഖ് അധ്യാപിക ഉള്‍പ്പെടെ രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു. ശനിയാഴ്ചയും രണ്ട് കശ്മീരികളല്ലാത്ത തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സാഗിര്‍ അഹമ്മദും ബീഹാറില്‍ നിന്നുള്ള അര്‍ബിന്ദ് കുമാറുമാണ് കൊല്ലപ്പെട്ടത്. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി. ഇതിനുപിന്നാലെ അഞ്ചു പേരാണ് ന്യൂനപക്ഷങ്ങൾക്കിടയിൽ നിന്ന് കൊല്ലപ്പെട്ടത്. ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ചു വെടിവച്ചു കൊല്ലുകയാണ് ഭീകരർ.

ജമ്മു കശ്മീരിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന തുടർച്ചയായ ഭീകരാക്രമണത്തെക്കുറിച്ച് ഇന്ന് ചേരുന്ന ഐബി യോഗം ചർച്ച ചെയ്യും. രണ്ടാഴ്ചക്കിടെ 12 സാധാരണക്കാരാണ് ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടത്. ആക്രമണം നടന്ന മേഖകളിലടക്കം സുരക്ഷാസേന ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് സ്റ്റേഷനിലേക്കോ സൈനിക ക്യാമ്പിലേക്കോ മാറ്റുകയാണ്. അതേസമയം പൂഞ്ചിൽ ഭീകരർക്കായുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്.

Related Articles

Latest Articles