Saturday, October 31, 2026

വൈശാഖി ഉത്സവത്തിനിടെ ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റ് കൊല്ലപ്പെട്ടു! ആസൂത്രിത ആക്രമണമെന്ന് നിഗമനം

ഇറ്റലിയിലെ ബെർഗാമോ പ്രവിശ്യയിലുള്ള കോവോയിൽ നടന്ന വെടിവെപ്പിൽ രണ്ട് ഇന്ത്യക്കാർ ദാരുണമായി കൊല്ലപ്പെട്ടു. വൈശാഖി ആഘോഷങ്ങളുടെ ഭാഗമായി ഗുരുദ്വാരയിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന കോവോ സ്വദേശിയായ രജീന്ദർ സിംഗ് (48), അഗ്നാദെല്ലോ സ്വദേശിയായ ഗുർമീത് സിംഗ് (48) എന്നിവരാണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. ഗുരുദ്വാര മാതാ സാഹിബ് കൗർ ജിക്ക് സമീപമുള്ള വ്യവസായ മേഖലയിൽ വെച്ചാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്. അക്രമി ഇവർക്ക് നേരെ വെടിയുതിർത്ത ശേഷം വാഹനത്തിൽ കയറി വേഗത്തിൽ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് പത്തിലേറെ വെടിയുണ്ടകളുടെ അവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് ആക്രമണം അതീവ ആസൂത്രിതമാണെന്ന നിഗമനത്തിലേക്കാണ് അന്വേഷണ സംഘത്തെ നയിക്കുന്നത്.

ആക്രമണത്തിന് പിന്നിൽ പെട്ടെന്നുണ്ടായ പ്രകോപനമല്ലെന്നും മറിച്ച് ആസൂത്രിതമായ കൊലപാതകമാണെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അക്രമിയെ പ്രദേശവാസികൾക്ക് നേരത്തെ അറിയാമായിരിക്കാമെന്നും ഇയാൾ മുൻപും ഗുരുദ്വാര സന്ദർശിച്ചിട്ടുണ്ടെന്നും ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു. വെടിവെപ്പിനിടെ മറ്റൊരു വ്യക്തിക്ക് കൂടി പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഈ ദാരുണ സംഭവം പ്രദേശത്തെ ഇന്ത്യൻ സമൂഹത്തെ വലിയ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്. വൈശാഖി ആഘോഷങ്ങൾക്കായി വിപുലമായ തയ്യാറെടുപ്പുകൾ നടത്തിയിരുന്ന പ്രവാസി സമൂഹത്തിന് ഈ കൊലപാതകം വലിയ ആഘാതമായി മാറി. സംഭവത്തിൽ ഇറ്റാലിയൻ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടാനുള്ള ഊർജ്ജിത ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Related Articles

Latest Articles