പാനൂര്‍: കണ്ണൂരിൽ തീപിടിത്തം. സെന്‍ട്രല്‍ എലാങ്കോട് ഇരുനില വീട് കത്തി നശിച്ചു. കുളങ്ങരന്റവിട അലീമയുടെ വീടാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ചൊവ്വാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് സംഭവം. അലീമ, മക്കളായ സാജിത, സൗധ, സാജിതയുടെ ഭര്‍ത്താവ് മഹമൂദ്, സൗധയുടെ മകന്‍ ജമാല്‍ എന്നിവരാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
അതേസമയം പാനൂര്‍ പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ഉടന്‍ തീയണക്കുകയായിരുന്നു. തീപിടിത്തം കണ്ട് ഓടി കൂടിയ നാട്ടുകാരും ഏറെ സാഹസികമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൂടാതെ അടുക്കളയിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെ എടുത്ത് മാറ്റിയതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവാക്കാനായി. എന്നാൽ ഏതാണ്ട് 5 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ഒന്നാം നില പൂര്‍ണ്ണമായും കത്തിയമര്‍ന്ന വീട് ഉപയോഗശൂന്യമായി.

