Monday, October 5, 2026

തൊഴിലുടമയുടെ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കേസ് !ഇന്ത്യൻ വനിതയുടെ വധശിക്ഷ നടപ്പാക്കി യുഎഇ

ദില്ലി : നാലുമാസം പ്രായമുള്ള കുഞ്ഞു മരിച്ച കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശിനി ഷഹ്സാദി ഖാന്റെ (33) ശിക്ഷ യുഎഇ നടപ്പാക്കി. ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം ദില്ലി ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ മാസം 15നാണു യുഎഇ വധശിക്ഷ നടപ്പാക്കിയതെന്നു മന്ത്രാലയം കോടതിയിൽ പറഞ്ഞു. ഫെബ്രുവരി 28നാണു വധശിക്ഷ നടപ്പാക്കിയ വിവരം അറിയിച്ചുള്ള ഔദ്യോഗിക സന്ദേശം യുഎഇയിലെ ഇന്ത്യൻ എംബസിയിൽ ലഭിച്ചത്.മാര്‍ച്ച് അഞ്ചിനാകും സംസ്‌കാരം നടക്കുക. മകളുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയാന്‍ ഷെഹ്‌സാദിയുടെ പിതാവ് ഷബ്ബീര്‍ ഖാന്‍ കോടതിയെ സമീപിക്കുകയായിരുന്നു

ഇന്ത്യൻ ദമ്പതികളുടെ കുട്ടി മരിച്ചതിനെ തുടർന്ന് മാതാപിതാക്കൾ നൽകിയ കേസിലാണു വീട്ടുജോലിക്കാരിയായിരുന്ന ഷഹ്സാദിക്ക് അബുദാബി കോടതി വധശിക്ഷ വിധിച്ചത്. ഉത്തർപ്രദേശ് മതാവുന്ദ് ഗൊയ്റ മുഗളായി ബാന്ദ സ്വദേശിയായ ഷെഹ്സാദി 2021ലാണ് അബുദാബിയിലെത്തിയത്. സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ഉസൈര്‍ വഴിയായിരുന്നു ഷെഹ്സാദി അബുദാബിയിലെത്തിയത്.

ഷഹ്‌സാദിയെ ഉസൈര്‍ അബുദാബിയിലെ തന്റെ ബന്ധുക്കളായ ഫൈസ്-നദിയ ദമ്പതികൾക്ക് കൈമാറുകയായിരുന്നു.2022-ല്‍ ഷെഹ്‌സാദിയുടെ ദമ്പതികൾ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഈ കുഞ്ഞിനെ നോക്കുന്ന ജോലിയായിരുന്ന ഷെഹ്‌സാദിക്ക്. 2022 ഡിസംബര്‍ ഏഴാംതീയതി കുഞ്ഞ് മരിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് ഷെഹ്‌സാദി സമ്മതിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്. എന്നാല്‍, ഇത് തൊഴിലുടമയും കുടുംബവും ഷെഹ്‌സാദിയെ പീഡിപ്പിച്ചും മറ്റും പറയിപ്പിച്ചതാണെന്ന് ഷബ്ബീര്‍ ഖാന്‍ പരാതിയില്‍ ആരോപിക്കുന്നു.

2023 സെപ്റ്റംബറില്‍ ഷെഹ്‌സാദിയുടെ അപ്പീല്‍ തള്ളിയിരുന്നു. തുടര്‍ന്ന് 2024 ഫെബ്രുവരി 28-ന് വധശിക്ഷ കോടതി ശരിവെക്കുകയും ചെയ്തു. കഴിഞ്ഞ മേയ് മാസത്തില്‍ ഷബ്ബീര്‍ ഖാന്‍ പുതിയ ദയാഹര്‍ജി നല്‍കിയെങ്കിലും 2025 ഫെബ്രുവരി 14-ന് ഷെഹ്‌സാദിയുടെ ഫോണ്‍ വരികയും വധശിക്ഷ ഉടന്‍ നടപ്പാക്കപ്പെടുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles