Monday, September 21, 2026

ഭാരതത്തിൽ 500 കോടി ഡോളർ നിക്ഷേപം നടുത്തുമെന്ന് യുഎഇ! ഊർജമേഖലയിൽ ധാരണാപത്രങ്ങളിൽ ഒപ്പിട്ടു

അബുദാബി : പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ നടത്തിയ ഔദ്യോഗിക സന്ദർശനം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ നിർണ്ണായക വഴിത്തിരിവാകുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നടത്തിയ ചർച്ചയിൽ പ്രതിരോധം, വ്യാപാരം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ സുപ്രധാനമായ ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. അന്താരാഷ്ട്ര തലത്തിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ എൽപിജി വിതരണത്തിലും തന്ത്രപ്രധാനമായ പെട്രോളിയം ശേഖരത്തിലും ഉണ്ടായ പുതിയ കരാറുകൾ ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. കൂടാതെ, ഇന്ത്യൻ അടിസ്ഥാന സൗകര്യ വികസന മേഖലയിലും സാമ്പത്തിക രംഗത്തുമായി അഞ്ച് ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താനും യുഎഇ സമ്മതിച്ചു. ഗുജറാത്തിലെ വാഡിനാറിൽ കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കരാറും ഇതിന്റെ ഭാഗമാണ്.

പശ്ചിമേഷ്യയിലെ സമാധാന പുനഃസ്ഥാപനത്തിനായി ഇന്ത്യ യുഎഇക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് പ്രതിനിധി തല ചർച്ചയിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോള വ്യാപാരത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് തടസ്സമില്ലാതെ തുറന്നു നൽകണമെന്നും അന്താരാഷ്ട്ര നിയമങ്ങൾ എല്ലാവരും ബഹുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ആഗോളതലത്തിൽ വലിയ ആഘാതമാണ് സൃഷ്ടിക്കുന്നതെന്നും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ എന്നും മോദി ഓർമ്മിപ്പിച്ചു. യുഎഇയുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തിയതായും വരും കാലങ്ങളിൽ എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും ഒത്തൊരുമിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി തന്റെ അഞ്ച് രാജ്യങ്ങൾ ഉൾപ്പെട്ട വിദേശ പര്യടനത്തിന്റെ ഭാഗമായി യൂറോപ്പിലേക്ക് തിരിക്കും. നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുക. സ്വീഡനിൽ യൂറോപ്യൻ ബിസിനസ്സ് നേതാക്കളുടെ യോഗത്തിലും നോർവേയിൽ നടക്കുന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ ഇറ്റലിയിലെത്തുന്ന അദ്ദേഹം ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല, പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവരുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. ആഗോള തലത്തിൽ ഇന്ത്യയുടെ സാമ്പത്തികവും നയതന്ത്രപരവുമായ സ്വാധീനം വർദ്ധിപ്പിക്കാൻ ഈ സന്ദർശനങ്ങൾ സഹായിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നത്.

Related Articles

Latest Articles