ദില്ലി: ഉദ്ദവ് താക്കറെ നയിക്കുന്ന ശിവസേനാ വിഭാഗത്തിന് തീപ്പന്തം ചിഹ്നമായി അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ശിവസേന (ഉദ്ദവ് ബാല സാഹേബ് താക്കറെ) എന്ന പേരും ഈ വിഭാഗത്തിന് അനുവദിച്ചു. അതേസമയം, ഷിൻഡേ നേതൃത്വം നൽകുന്ന ശിവസേന ഘടകത്തിന് ചിഹ്നം അനുവദിച്ചിട്ടില്ല. ചിഹ്നമായി ത്രിശൂലവും, ഉദയ സൂര്യനും, ഗദയും ആവശ്യപ്പെട്ടിരുന്നുവെങ്കിലും മതപരമായ കാരണങ്ങളാൽ ഇത് അനുവദിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
പുതിയ ചിഹ്നം നാളെ രാവിലെ 11 മണിക്ക് മുമ്പായി സമർപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ബാലസാഹേബാൻജി ശിവസേന എന്ന പേരാണ് ഷിൻഡേ നയിക്കുന്ന ശിവസേനാ വിഭാഗത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത്. ചിഹ്നത്തിലും പേരിലും ഇരു വിഭാഗങ്ങളും അവകാശം ഉന്നയിച്ചിട്ടുള്ളതിനാൽ, അന്തിമ തീർപ്പുണ്ടാകുന്നതു വരെ ഈ നില തുടരുമെന്ന് കമ്മീഷൻ വ്യക്തമാക്കി. വരാനിരിക്കുന്ന അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ താക്കറെ – ഷിന്‍ഡെ വിഭാഗങ്ങൾ പുതിയ പേരും ചിഹ്നവും ഉപയോഗിച്ചാകും കളത്തിൽ ഇറങ്ങുക.
അതേസമയം, ചിഹ്നം മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് ഉദ്ദവ് താക്കറെ കോടതിയെ സമീപിച്ചിട്ടുണ്ട്. കമ്മീഷൻ ഉത്തരവിനെതിരെ ദില്ലി ഹൈക്കോടതിയെയാണ് താക്കറെ സമീപിച്ചത്. ശിവസേനയെന്ന പേരിനായും ചിഹ്നമായ അമ്പും വില്ലിനുമായും ഉദ്ദവ് താക്കറെ വിഭാഗവും ഏക‍്‍നാഥ് ഷിന്‍ഡെ വിഭാഗവും അവകാശം ഉന്നയിച്ചതിനെ തുടർന്നാണ് പേരും ചിഹ്നവും കമ്മീഷൻ മരവിപ്പിച്ചത്.

