Monday, September 21, 2026

ബി അശോകിന്റെയും ‘ബ്രോ’ പ്രശാന്തിന്റെയും സസ്‌പെൻഷൻ പിൻവലിച്ച് യുഡിഎഫ് സർക്കാർ ! ചുമതല സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങിയേക്കും

തിരുവനന്തപുരം: മുൻ പിണറായി സർക്കാരിന്റെ കാലത്ത് കടുത്ത അച്ചടക്ക നടപടികൾ നേരിടേണ്ടി വന്ന മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോകിനെയും എൻ. പ്രശാന്തിനെയും സർവീസിലേക്ക് തിരിച്ചെടുക്കാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചു. ഇടതുപക്ഷ ഭരണകൂടത്തിന്റെ കടുത്ത വിമർശകരായിരുന്ന ഇരു ഉദ്യോഗസ്ഥരുടെയും സസ്‌പെൻഷൻ ഉത്തരവുകളാണ് സംസ്ഥാന സർക്കാർ ഒടുവിൽ പിൻവലിച്ചത്.

തുടർഭരണം ഫാസിസത്തിലേക്ക് നയിക്കുമെന്നും ഭരണസംവിധാനങ്ങൾ നിഷ്‌ക്രിയമാകുമെന്നും ചൂണ്ടിക്കാട്ടി മാദ്ധ്യമങ്ങളിൽ കടുത്ത ഭാഷയിൽ അഭിമുഖം നൽകിയതിനാണ് സീനിയർ ഉദ്യോഗസ്ഥനായ ഡോ. ബി. അശോകിനെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പ് ഇടതു സർക്കാർ സസ്‌പെൻഡ് ചെയ്തത്. ഒന്നര മാസത്തോളമായി അദ്ദേഹം പുറത്തായിരുന്നു. കാവൽ സർക്കാരിന്റെ ഈ നടപടിക്ക് നിയമസാധുതയില്ലെന്നും ഉത്തരവ് മേശപ്പുറത്ത് കിടക്കട്ടെയെന്നുമുള്ള അശോകിന്റെ പ്രതികരണം അന്ന് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ചിരുന്നു. നേരത്തെ കൃഷിവകുപ്പിലെ ‘കേര പദ്ധതി’ അഴിമതി പുറത്തുകൊണ്ടുവന്നതോടെ അശോകിനെ അപ്രധാന തസ്തികകളിലേക്ക് മാറ്റിയിരുന്നെങ്കിലും ട്രൈബ്യൂണലിനെ സമീപിച്ച് അദ്ദേഹം അവ തടഞ്ഞിരുന്നു. സർക്കാരിന്റെ തെറ്റായ നയങ്ങളെ പരസ്യമായി വിമർശിക്കാൻ ഒരു മടിയും കാണിക്കാത്ത ട്രാക്ക് റെക്കോർഡാണ് ഡോ. ബി. അശോകിനുള്ളത്.

സമൂഹമാധ്യമങ്ങളിൽ ‘ബ്രോ പ്രശാന്ത്’ എന്ന പേരിൽ വലിയ ജനപ്രീതിയുള്ള എൻ. പ്രശാന്ത് കഴിഞ്ഞ രണ്ടു വർഷമായി സസ്‌പെൻഷനിലായിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി വിമർശിച്ചതിനാണ് പ്രശാന്തിനെതിരെ ഒടുവിൽ നടപടിയുണ്ടായത്. ഔദ്യോഗിക ജീവിതത്തിൽ ഒൻപതോളം തവണ സസ്‌പെൻഷനുകളും അച്ചടക്ക നടപടികളും നേരിട്ട പ്രശാന്ത്, പലപ്പോഴും ട്രോളുകളിലൂടെയും നർമ്മം കലർന്ന പോസ്റ്റുകളിലൂടെയുമാണ് ഇത്തരം നടപടികളോട് പ്രതികരിച്ചിരുന്നത്. തനിക്കെതിരെയുള്ള വകുപ്പുതല ഹിയറിംഗുകൾ ലൈവ് സ്ട്രീം ചെയ്യണമെന്ന് വരെ ആവശ്യപ്പെട്ട് അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരെയും ഭരണകൂടത്തെയും പ്രതിരോധത്തിലാക്കിയിരുന്നു.

തുറന്നടിപ്പുകളും പ്രതികരണങ്ങളും പതിവാക്കിയ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കുന്നതിൽ ചില കോൺഗ്രസ് നേതാക്കൾ മുൻപ് ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും, ഉദ്യോഗസ്ഥ വേട്ട അവസാനിപ്പിക്കുക എന്ന നയപരമായ തീരുമാനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇവരെ തിരിച്ചെടുക്കാൻ പച്ചക്കൊടി കാട്ടുകയായിരുന്നു. ഇരുവരുടെയും സസ്‌പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയതോടെ വരും ദിവസങ്ങളിൽ ഇവർക്ക് തന്ത്രപ്രധാനമായ പുതിയ വകുപ്പുകൾ നൽകുമെന്നാണ് സെക്രട്ടേറിയറ്റ് വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ട്

Related Articles

Latest Articles