Monday, October 26, 2026

എം.ആർ. അജിത്കുമാറിനെ ബെവ്‌കോ തലപ്പത്തുനിന്നും മാറ്റണം! മുഖ്യമന്ത്രിക്ക് കത്ത് നൽകി എക്‌സൈസ് മന്ത്രി എം. ലിജു

തിരുവനന്തപുരം : വിവാദങ്ങളിൽപെട്ട ഐ.പി.എസ് ഉദ്യോഗസ്ഥൻ എം.ആർ. അജിത്കുമാറിനെ ബെവ്‌കോ സിഎംഡി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യവുമായി എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു രംഗത്ത്. കോർപ്പറേഷന്റെ പ്രവർത്തനങ്ങളിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ തലപ്പത്ത് നിയമിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം. നവകേരള യാത്രയുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ നടന്ന മർദ്ദനക്കേസ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തലിന് പിന്നാലെ അജിത്കുമാർ വലിയ രീതിയിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ആലപ്പുഴയിൽ നിന്നുള്ള ജനപ്രതിനിധി കൂടിയായ മന്ത്രി എം. ലിജുവിന്റെ ഈ ആവശ്യം രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.

നേരത്തെ എക്‌സൈസ് കമ്മീഷണർ സ്ഥാനം ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ഐ.എ.എസ് അസോസിയേഷൻ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് തൽസ്ഥാനത്തിരുന്ന അജിത്കുമാറിനെ എക്സൈസ് കമ്മീഷണർ പദവിയിൽ നിന്നും ഒഴിവാക്കിയത്. തൊട്ടുപിന്നാലെ ബെവ്‌കോ എം.ഡി ആയിരുന്ന ഐ.ജി അർഷിത അത്തല്ലൂരിയെ പെട്ടെന്ന് മാറ്റി പകരം അജിത്കുമാറിനെ ബെവ്‌കോയുടെ പുതിയ സി.എം.ഡി ആയി നിയമിക്കുകയായിരുന്നു. എന്നാൽ ക്രമസമാധാന ചുമതലയുണ്ടായിരുന്ന കാലത്തെ പോലീസ് മർദ്ദനക്കേസ് അന്വേഷണം തനിക്കെതിരെ തിരിയുന്ന സാഹചര്യത്തിലാണ് പുതിയ പദവിയിൽ നിന്നും അജിത്കുമാറിനെ മാറ്റാൻ എക്സൈസ് വകുപ്പ് നേരിട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തെ ഉന്നത ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൈകാതെ തന്നെ വലിയൊരു അഴിച്ചുപണി നടക്കാൻ സാധ്യതയുണ്ട്. ഈ പുനഃസംഘടനയുടെ ഭാഗമായി അജിത്കുമാറിനെ ബെവ്‌കോ സി.എം.ഡി സ്ഥാനത്തുനിന്നും മാറ്റി നിർത്തണമെന്നാണ് മന്ത്രി എം. ലിജു മുഖ്യമന്ത്രി വി.ഡി. സതീശന് മുന്നിൽ പ്രധാന ആവശ്യമായി ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കുകയും പച്ചക്കൊടി കാട്ടുകയും ചെയ്തതായാണ് ഭരണസിരാകേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. അങ്ങനെയെങ്കിൽ വരും ദിവസങ്ങളിൽ ബെവ്‌കോയുടെ അമരത്തേക്ക് പുതിയൊരു ഉദ്യോഗസ്ഥൻ നിയമിതനായേക്കും.

Related Articles

Latest Articles