ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾ കാരണം അമേരിക്ക വിട്ടുപോകുന്ന വിദഗ്ധരെ ആകർഷിക്കാൻ ബ്രിട്ടൻ. ലോകമെമ്പാടുമുള്ള മികച്ച ശാസ്ത്രജ്ഞർ, അക്കാദമിക് വിദഗ്ധർ, ഡിജിറ്റൽ വിദഗ്ധർ എന്നിവരെ യുകെയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള നയങ്ങൾ രൂപീകരിക്കാൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ സർക്കാർ ശ്രമിക്കുന്നതായി ‘ദി ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്തു.
ട്രമ്പിന്റെ പുതിയ നയമനുസരിച്ച്, എച്ച്-വൺ ബി (H-1B) വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസ് 1,00,000 ഡോളറായി (ഏകദേശം 83 ലക്ഷം രൂപ) വർദ്ധിപ്പിച്ചിരുന്നു. ഇത് സാങ്കേതികവിദ്യ, ശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ വിദഗ്ദ്ധർക്ക് വലിയ തിരിച്ചടിയായി. ഈ അവസരം മുതലെടുക്കാനാണ് യുകെ ലക്ഷ്യമിടുന്നത്. ഇതിനായി പ്രധാനമന്ത്രി സ്റ്റാർമർ ‘ഗ്ലോബൽ ടാലന്റ് ടാസ്ക് ഫോഴ്സ്’ രൂപീകരിച്ചിട്ടുണ്ട്. സ്റ്റാർമറിന്റെ ബിസിനസ് ഉപദേഷ്ടാവായ വരുൺ ചന്ദ്ര, ശാസ്ത്ര മന്ത്രി ലോർഡ് പാട്രിക് വല്ലൻസ് എന്നിവരാണ് ഈ ടാസ്ക് ഫോഴ്സിനെ നയിക്കുന്നത്.
വിദഗ്ദ്ധരെ ആകർഷിക്കുന്നതിനായി ടാസ്ക് ഫോഴ്സ് പ്രധാനമായും പരിഗണിക്കുന്ന ഒരു നിർദ്ദേശം, ഉയർന്ന നിലവാരമുള്ള പ്രൊഫഷണലുകൾക്കുള്ള വിസ ഫീസ് പൂർണ്ണമായും ഒഴിവാക്കുക എന്നതാണ്. “ലോകത്തിലെ മികച്ച അഞ്ച് സർവ്വകലാശാലകളിൽ പഠിച്ചവർക്കും പ്രശസ്തമായ പുരസ്കാരങ്ങൾ നേടിയവർക്കും ഫീസ് ഒഴിവാക്കുന്നതിനെക്കുറിച്ചാണ് ഞങ്ങൾ ചർച്ച ചെയ്യുന്നത്. ഫീസ് പൂജ്യമാക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ആലോചിക്കുന്നു,” ഒരു ഉദ്യോഗസ്ഥൻ ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു.
നിലവിൽ, 2020-ൽ ആരംഭിച്ച യുകെയുടെ ഗ്ലോബൽ ടാലന്റ് വിസയ്ക്ക് അപേക്ഷിക്കാൻ £766 (ഏകദേശം $1032) ആണ് ഫീസ്. ഒപ്പം, പങ്കാളികൾക്കും കുട്ടികൾക്കും ഇതേ ഫീസ് ബാധകമാണ്. ഇതിനുപുറമെ ഓരോ വ്യക്തിക്കും £1,035 (ഏകദേശം $1396) ആരോഗ്യ സർചാർജ് വേറെയുമുണ്ട്. ഈ സാഹചര്യത്തിലാണ് ഈ ഫീസുകൾ പൂർണ്ണമായി ഒഴിവാക്കാൻ യുകെ സർക്കാർ ആലോചിക്കുന്നത്.
ട്രമ്പിന്റെ എച്ച്-വൺ ബി വിസ ഫീസ് വർദ്ധനവ്, യുകെയുടെ പുതിയ നയരൂപീകരണത്തിന് കൂടുതൽ വേഗത നൽകിയതായി ഉദ്യോഗസ്ഥർ പറയുന്നു. നിലവിലെ വിസ സംവിധാനം ഒരു “ബ്യൂറോക്രാറ്റിക് പേടിസ്വപ്നം” ആണെന്ന് ഒരു ഉദ്യോഗസ്ഥൻ വിശേഷിപ്പിച്ചു. പുതിയ സംവിധാനം നിലവാരം കുറയ്ക്കുന്നതിന് വേണ്ടിയല്ല, മറിച്ച് ഏറ്റവും മികച്ചവരെ ബ്രിട്ടനിലേക്ക് കൊണ്ടുവരാൻ വേണ്ടിയാണെന്നും ഈ കാര്യത്തിൽ സർക്കാരിൽ പൂർണ്ണമായ യോജിപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

