Sunday, May 19, 2024
spot_img

ഉമര്‍ ഖാലിദ് അകത്ത് തന്നെ; ദില്ലി കലാപവുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ദില്ലി : ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി.2020 ലെ ദില്ലി കലാപവുമായി ബന്ധപ്പെട്ട് ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ കഴമ്പില്ലെന്ന് ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, രജനിഷ് ഭട്‌നാഗര്‍ട്ട് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു. ജവഹര്‍ ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ അംഗവും ആക്ടിവിസ്റ്റുമായിരുന്നു ഉമര്‍ ഖാലിദ്, 2020 സെപ്റ്റംബര്‍ 13 നാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ യുഎപിഎ നിയമ പ്രകാരമായിരുന്നു കേസെടുത്തിരുന്നത്.

2019 ഡിസംബറിലും 2020 ഫെബ്രുവരിയിലും ദില്ലിയിലെ ജാമിയയിലും വടക്കുകിഴക്കന്‍ ദില്ലിയിലും നടന്ന പ്രതിഷേധങ്ങളുടെയും കലാപങ്ങളുടെയും സൂത്രധാരന്മാര്‍ എന്നാരോപിച്ചാണ് ഖാലിദ്, ഷര്‍ജീല്‍ ഇമാം, തുടങ്ങി നിരവധി പേര്‍ക്കെതിരെ തീവ്രവാദ വിരുദ്ധ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമ എന്നിവ പ്രകാരം കേസെടുത്തിരിക്കുന്നത്.

പൗരത്വ (ഭേദഗതി) നിയമത്തിനും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍ആര്‍സി) എതിരായ പ്രതിഷേധത്തിനിടെ ഈ പ്രദേശങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. അക്രമത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപത്തിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് ഖാലിദെന്നും ദില്ലി പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

Related Articles

Latest Articles