Saturday, May 4, 2024
spot_img

ഉദുമ എം എൽ എയ്ക്ക് നേരെ പ്രതിഷേധം ശക്തം എം എൽ എ മാപ്പു പറയുമോ ?

കാസർഗോഡ് എന്താ കേരളത്തിലെ ജില്ല അല്ലെ ? പിണറായി വിജയൻ അല്ലെ കാസര്കോടുകാരുടെ മുഖ്യമന്ത്രി . കാസർഗോഡ് ജില്ലയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതയാതനകളും എൻഡോസൾഫാൻ ഇരകളുടെ കഷ്ടപ്പാടുകളും എല്ലാം അവഗണിക്കുന്നതിന്റെ കാരണമെന്ത് ?
എൻഡോസൾഫാൻ ഇരകൾക്ക് വേണ്ടി ദയാബായി നടത്തുന്ന നിരാഹാര സമരം ഏറെ ചർച്ചയായ വിഷയമാണ്.

അതിനിടെ ചാനൽ ചർച്ചക്കിടെ എൻഡോസൾഫാൻ ഇരകളെ അധിക്ഷേപിച്ച് സംസാരിച്ച സിപിഎം നേതാവും ഉദുമ എം എൽ എ യുമായ സി എച്ച് കുഞ്ഞമ്പുവിനെതിരെ പ്രതിഷേധം ശക്തമാകുന്നു.ചിലർക്ക് എത്ര കിട്ടിയാലും മതിവരില്ല എന്നാണ് ചാനൽ ചർച്ചക്കിടെ കുഞ്ഞമ്പു പറഞ്ഞത്. ആറായിരത്തിലധികം എൻഡോസൾഫാൻ ദുരിതബാധിതരുണ്ട്. അവർക്കെല്ലാം അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും എംഎൽഎ അവകാശപ്പെട്ടു. ഇതാണ് പ്രതിഷേധത്തിന് കാരണമായത്. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻഡോസൾഫാൻ ദുരിത ബാധിതർ സാമൂഹിക പ്രവർത്തക ദയാബായിയുടെ നേതൃത്വത്തിൽ സമരം ചെയ്യുമ്പോഴാണ് ഉദുമ എംഎൽഎ യുടെ വിവാദ പ്രസ്താവന. കാസർകോഡ് ജില്ലയിൽ മതിയായ ചികിത്സാ സൗകര്യങ്ങളില്ല എന്നത് വസ്തുതയാണ്. കേന്ദ്രം അനുവദിച്ച നിംസ് മന്ത്രിമാരുടെ കച്ചവട താൽപര്യങ്ങൾക്കനുസരിച്ച് കോഴിക്കോടേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നു. മാരകമായ ആരോഗ്യ പ്രശ്നങ്ങളുമായി ജീവിതം തള്ളി നീക്കുന്ന എൻഡോസൾഫാൻ ഇരകൾ അയൽ സംസ്ഥാനമായ കർണ്ണാടകയെ ആശ്രയിക്കുന്നു. കോവിഡ് കാലത്ത് അതിർത്തികൾ അടക്കപ്പെട്ടപ്പോൾ ജില്ലയിലെ രോഗികളുടെ അവസ്ഥ കേരളം കണ്ടതുമാണ്.

ഉദുമ എംഎൽഎ മാപ്പുപറയണമെന്ന ആവശ്യം ശക്തമാകുകയാണ്. ഒപ്പം ദയാബായിയുടെ സമരത്തിനും പിന്തുണയേറുന്നു. ചില വാഗ്ദാനങ്ങൾ മാത്രം നൽകി ദയാബായിയെ സമരത്തിൽ നിന്ന് പിന്മാറ്റാൻ ചില മന്ത്രിമാർ ശ്രമിച്ചിരുന്നു. എന്നാൽ വാഗ്ദാനങ്ങൾ എഴുതിത്തരണമെന്ന് ദയാബായി ആവശ്യപ്പെട്ടതോടെ മന്ത്രിമാരുടെ തട്ടിപ്പ് പുറത്തുവന്നു. പരിമിതമായ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന ഇരകളുടെ ആവശ്യത്തോട് സർക്കാർ മുഖം തിരിച്ച് നിൽക്കുമ്പോഴാണ് എംഎൽഎ യുടെ അധിക്ഷേപ പ്രസ്താവന.

ഈ വിവാദ പ്രസ്താവന ഉദുമ എം എൽ എ തന്നെ നടത്തിയത് വളരെ കഷ്ടമാണ് . കാസർഗോട്ടെ ജനങ്ങളുടെയും എൻഡോസൾഫാൻ ഇരകളുടെയും ദുരിതാവസ്ഥ നേരിട്ട് കണ്ട എം എൽ എ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ഈ പ്രസ്താവന ജനങ്ങളെ എത്രമാത്രം വേദനിപ്പിച്ചു എന്നതാണ് എം എൽ എ യ്ക്ക് നേരെയുള്ള പ്രതിഷേധം നമ്മുക് കാണിച്ച് തരുന്നത്.

Related Articles

Latest Articles