Sunday, October 18, 2026

ഭൂമിയെ ചുട്ടെടുക്കാന്‍ സൂപ്പര്‍ എല്‍നിനോ. പസഫിക്കില്‍ ഉയര്‍ന്നത് റെക്കോര്‍ഡ് ചൂട്. വരാനിരിക്കുന്നത് 70 വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത കാലാവസ്ഥാ ദുരന്തമെന്ന് യു.എന്‍ മുന്നറിയിപ്പ്

ന്യൂയോര്‍ക്ക് : ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത ‘സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ’ (Super Duper El Niño) പ്രതിഭാസത്തിലേക്ക് കടക്കുകയാണെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. മനുഷ്യനിര്‍മിതമായ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ലോക കാലാവസ്ഥാ സംഘടന (WMO) വ്യക്തമാക്കി. പസഫിക് സമുദ്ര ഉപരിതലം വലിയ തോതില്‍ അന്തരീക്ഷത്തിലേക്ക് ചൂട് പുറന്തള്ളുകയാണ്. ഇതുമൂലം ഭൂമിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും അഭൂതപൂര്‍വ്വമായ കഠിന ഉഷ്ണമാണ് അനുഭവപ്പെടുന്നത്.

പസഫിക് സമുദ്രത്തിലെയും അന്തരീക്ഷത്തിലെയും താപനില ഉയരുന്നതിന്റെ തീവ്രത വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങളും കാലാവസ്ഥാ ഭൂപടവും കാലാവസ്ഥാ വിദഗ്ധനായ റയാന്‍ മാവ് പുറത്തുവിട്ടു. ഭൂപടത്തിലെ വലിയൊരു ഭാഗം കടുത്ത ചുവപ്പ് നിറത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ ഐക്യനാടുകളിലെ ചില പ്രദേശങ്ങള്‍ ഒഴികെ ലോകമെമ്പാടും എല്‍നിനോയുടെ ഫലമായി ശരാശരി താപനില വര്‍ധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ശൈത്യകാലത്തിന്റെ സ്വാഭാവിക രീതികളെപ്പോലും ഇത് ദോഷകരമായി ബാധിക്കും.

1950-ന് ശേഷം രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭീകരമായ കാലാവസ്ഥാ വ്യതിയാനങ്ങളില്‍ ഒന്നായിരിക്കും ഇത്. 2026-ന്റെ അവസാന മാസങ്ങളില്‍ സമുദ്രോപരിതല താപനില തടസ്സമില്ലാതെ ഉയര്‍ന്നുകൊണ്ടിരിക്കും. മധ്യ, കിഴക്കന്‍ ട്രോപ്പിക്കല്‍ പസഫിക് സമുദ്രത്തിലെ ഉപരിതല താപനില ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ സാധാരണ നിലയേക്കാള്‍ റെക്കോര്‍ഡ് 3.7 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പസഫിക് സമുദ്രത്തിലെ വെള്ളം സാധാരണയില്‍ കവിഞ്ഞ് ചൂടാകുന്ന പ്രതിഭാസമാണ് എല്‍നിനോ. ഇത് ലോകമെമ്പാടുമുള്ള മഴയുടെ അളവ്, കാറ്റിന്റെ ഗതി, താപനില എന്നിവയില്‍ വന്‍ വ്യതിയാനങ്ങള്‍ വരുത്തുന്നു. ചിലയിടങ്ങളില്‍ കടുത്ത വരള്‍ച്ചയ്ക്കും കാട്ടുതീയ്ക്കും കാരണമാകുമ്പോള്‍ മറ്റു ചിലയിടങ്ങളില്‍ അപ്രതീക്ഷിത പ്രളയത്തിനും കൊടുങ്കാറ്റിനും ഇത് വഴിവെക്കുന്നു.

Related Articles

Latest Articles