Wednesday, November 4, 2026

മദ്യ മുതലാളിമാർക്ക് വഴിവിട്ട നികുതിയിളവ്: വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന നികുതി കുറയ്ക്കാനുള്ള യുഡിഎഫ് സർക്കാർ പ്രഖ്യാപനത്തിൽ പുതിയ വിവാദം; മുന്നണിയിലും കല്ലുകടി

തിരുവനന്തപുരം : കേരളത്തിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന നികുതി കുറയ്ക്കാനുള്ള യു.ഡി.എഫ് സർക്കാരിന്റെ പുതിയ ബജറ്റ് പ്രഖ്യാപനം വൻ വിവാദത്തിലേക്ക്. മുൻപ് ലഹരിവിരുദ്ധ നിലപാടുകൾ പ്രസംഗിച്ചിരുന്ന കോൺഗ്രസ് നേതാക്കൾ, ഇപ്പോൾ വൻകിട മദ്യ ലോബികളുടെ താൽപര്യങ്ങൾക്ക് വഴങ്ങിയാണ് സംസ്ഥാനത്ത് മദ്യത്തിന്റെ ലഭ്യത കൂട്ടാൻ ഇത്തരമൊരു ജനദ്രോഹ നടപടി സ്വീകരിച്ചിരിക്കുന്നത് എന്ന ആക്ഷേപം ശക്തമാണ്. പുതിയ തീരുമാനപ്രകാരം വീര്യം കുറഞ്ഞ മദ്യവിഭാഗത്തിന് 120 ശതമാനവും 175 ശതമാനവുമായി നികുതി നിശ്ചയിച്ചതിലൂടെ, പൊതുജനങ്ങളുടെ ഉപജീവന പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത സർക്കാർ മദ്യക്കമ്പനികൾക്ക് കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കാനാണ് സൗകര്യമൊരുക്കുന്നത്.

സ്വന്തം മുന്നണിയിലെയും പാർട്ടിയിലെയും മുതിർന്ന നേതാക്കളെപ്പോലും വിശ്വാസത്തിലെടുക്കാതെ മദ്യമുതലാളിമാരെ സഹായിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഇടപെട്ടാണ് ഈ നികുതിയിളവ് ബജറ്റിൽ തിരുകിക്കയറ്റിയതെന്ന ആക്ഷേപവും ശക്തമാണ്. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ മദ്യനയങ്ങളെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, അധികാരത്തിലെത്തിയപ്പോൾ കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് കുടപിടിക്കുന്ന ഇരട്ടത്താപ്പാണ് ഇപ്പോൾ പുറത്തുകാട്ടുന്നത്.

വീര്യംകുറഞ്ഞ മദ്യവിൽപ്പനയുമായി മുന്നോട്ടുപോകണമെങ്കിൽ യു.ഡി.എഫിലും പ്രത്യേകിച്ച് കോൺഗ്രസിലും പൊതുധാരണയുണ്ടാകണമെന്നതാണ് മുഖ്യമന്ത്രി നേരിടുന്ന പ്രധാന വെല്ലുവിളി. മദ്യനയമുണ്ടാക്കുംവരെ മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ പിടിച്ചുനിൽക്കേണ്ടിവരും. പ്രകടനപത്രികയിൽ മദ്യ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കുമെന്നാണ് വാഗ്ദാനം. വീര്യംകൂടിയ മദ്യാസക്തിയിലേക്ക് കൂടുതൽ ആളുകൾ വീഴാതിരിക്കാൻ വിദേശത്തടക്കം നിലവിലുള്ള വീര്യംകുറഞ്ഞ മദ്യം ഗുണകരമാകുമെന്ന്‌ മുഖ്യമന്ത്രിയുടെ നടപടിയെ അനുകൂലിക്കുന്നവർ വാദിക്കുന്നു.

Related Articles

Latest Articles