Monday, May 20, 2024
spot_img

ഓൺലൈൻ ലോൺ ആപ്പുകൾക്ക് മൂക്ക് കയറിടാൻ കേന്ദ്രസർക്കാർ !ഇത്തരം ആപ്പുകളെ നിയന്ത്രിക്കുന്നതിനായി രാജ്യത്ത് നിയമനിർമാണം നടത്തുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

ദില്ലി : ഓൺലൈൻ ലോൺ ആപ്പുകൾക്ക് മൂക്ക് കയറിടാനൊരുങ്ങി കേന്ദ്രസർക്കാർ. കേന്ദ്രഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇത് സംബന്ധിച്ച വ്യക്തത വരുത്തിയത്. ഓൺലൈൻ ലോൺ ആപ്പുകളെ നിയന്ത്രിക്കുന്നതിനായി രാജ്യത്ത് നിയമനിർമാണം നടത്തുമെന്നും ഡിജിറ്റൽ ഇന്ത്യ ആക്റ്റിലുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘‘പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലുമുള്ള നിയമവിരുദ്ധമായ ആപ്പുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതടക്കമുള്ള നിർദേശങ്ങളുണ്ടാകും. നിലവിലെ ഐടി നിയമത്തിൽ കേന്ദ്ര സർക്കാരിന് ഇടപെടാൻ പരിമിതികളുണ്ട്. റിസർവ്ബാങ്കുമായി ആലോചിച്ച് ഐടി മന്ത്രാലയം അനുവദനീയമായ ആപ്പുകളുടെ പട്ടിക പുറത്തിറക്കും.’’– രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അതെ സമയം കടമക്കുടിയിലെ കൂട്ട ആത്മഹത്യയിൽ ഓൺലൈൻ ലോൺ ആപ്പിനെതിരെ ഇന്നലെ പോലീസ് കേസെടുത്തിരുന്നു. മരിച്ചവരുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് വരാപ്പുഴ പൊലീസ് കേസെടുത്തത്. കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിൽ ഓൺലൈൻ ആപ്പുകാരുടെ ഭീഷണിയെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കടമക്കുടി മാടശ്ശേരി നിജോ (39), ഭാര്യ ശിൽപ (29), മക്കളായ എയ്ബൽ (8), ആരോൺ (6) എന്നിവരെയാണ് ചൊവ്വാഴ്ച വീടിനകത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ജീവിതം അവസാനിപ്പിക്കുന്നുവെന്ന് മുറിയിൽ കണ്ടെടുത്ത കത്തിൽ പറഞ്ഞിരുന്നു.
മരിച്ച ശിൽപയെ ഓ‍ണ്‍ലൈൻ ലോൺ ആപ്പിലൂടെ പണം കടമെടുത്തിരുന്നതായും പണം മുഴുവനായും തിരികെ അടച്ചിട്ടും ഇനിയും തിരിച്ചടവ് ഉണ്ടെന്ന രീതിയിൽ ആപ്പിൽ നിരന്തരം ഭീഷണിയുണ്ടായിരുന്നു എന്നുമാണ് ലഭിക്കുന്ന റിപ്പോർട്ട്. കുടുംബത്തിന്റെ മരണശേഷം ശില്‍പയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ബന്ധുക്കളുടെ ഫോണിലേക്കു വന്നതോടെയാണ് സംശയം ശക്തമായത്. ലോണ്‍ തിരിച്ചടച്ചില്ലെങ്കില്‍ ചിത്രം പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ടായിരുന്നു.

ശിൽപയെടുത്ത വായ്പയിൽ 9300 രൂപ കുടിശ്ശികയുണ്ടെന്ന് കാണിച്ച് നിജോയുടെ ബന്ധുവിന് ഓൺലൈൻ ആപ്പുകാർ സന്ദേശമയച്ചിരുന്നു. അടച്ചുതീർക്കാനുള്ള തുക കാണിച്ചുള്ള സ്റ്റേറ്റ്‌മെന്റും ശിൽപയുടെ ചിത്രവും ഒരു ശബ്ദസന്ദേശവും ഒപ്പമയച്ചു. വിളിച്ചിട്ട് ശിൽപ ഫോൺ എടുക്കുന്നില്ലെന്നും പണം ഉടൻ തന്നെ അടച്ചില്ലെങ്കിൽ ശിൽപയുടെ മോർഫ് ചെയ്ത നഗ്നചിത്രം ശിൽപയുടെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് അയച്ചുനൽകുമെന്നായിരുന്നു ഭീഷണി. കുടുംബത്തിൻെറ മരണ ശേഷവും മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് ഓൺലൈൻ ലോൺ ആപ്പുകാർ നിരന്തരം ഭീഷണി സന്ദേശങ്ങൾ അയക്കുകയാണ് . ഭീഷണി സന്ദേശമെത്തിയത് ശ്രീലങ്കൻ നമ്പറിൽ നിന്നാണ് എന്നാണ് വിവരം.

Related Articles

Latest Articles