Thursday, May 9, 2024
spot_img

മന്ത്രിസഭാ പുനഃസംഘടന; മന്ത്രിസ്ഥാനത്തിനുള്ള വടം വലി രൂക്ഷം; അവകാശവാദം ഉന്നയിച്ചു കൊണ്ട് കോവൂർ കുഞ്ഞുമോനും തോമസ് കെ. തോമസും എല്‍ജെഡിയും

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാർ രണ്ടര വർഷത്തിന്റെ ആദ്യ പാദം പൂർത്തിയാക്കുന്നതിന് പിന്നാലെ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കേ, മന്ത്രിസ്ഥാനത്തിനുള്ള വടം വലി രൂക്ഷമാക്കിക്കൊണ്ട് കൂടുതൽ ഘടകകക്ഷികൾ രംഗത്ത്. ആർഎസ്പി (എൽ) എംഎൽഎ കോവൂർ കുഞ്ഞുമോനും എൻസിപി എംഎൽഎ തോമസ് കെ.തോമസും എൽജെഡിയും മന്ത്രിസ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നു.

ഈ മാസം 20ന് എൽഡിഎഫ് യോഗം ചേരുമ്പോൾ ഇക്കാര്യം ഉന്നയിക്കാനാണ് തീരുമാനം. മന്ത്രിസഭ പുനഃസംഘടിപ്പിക്കുമ്പോൾ മന്ത്രിസ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോൻ മുഖ്യമന്ത്രിക്ക് കത്തു നൽകി. ആർഎസ്പിയിൽ നിന്ന് വേർപിരിഞ്ഞ് ആർഎസ്പി (എൽ) വിഭാഗമായി എൽഡിഎഫിനൊപ്പമാണ് കുഞ്ഞുമോൻ.

2001 മുതൽ കൊല്ലം ജില്ലയിലെ കുന്നത്തൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് കോവൂർ കുഞ്ഞുമോനാണ്. ആർഎസ്പി യുഡിഎഫിലേക്കു പോയപ്പോഴും കുഞ്ഞുമോന്‍ എൽഡിഎഫിൽ തുടർന്നു. രണ്ടാം പിണറായി സർക്കാരിന്റെ രൂപീകരണ സമയത്ത് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് സിപിഎം നേതൃത്തെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വർഷങ്ങളായി മുന്നണിക്കൊപ്പം തുടരുന്ന തന്നെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് രണ്ടു മാസം മുൻപ് കുഞ്ഞുമോൻ മുഖ്യമന്ത്രിയെ കണ്ട് അഭ്യർഥിച്ചിരുന്നു. അതേസമയം കുട്ടനാട് എംഎൽഎ തോമസ് കെ.തോമസും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് രംഗത്തുണ്ട്. തന്നെ മന്ത്രിയാക്കുമെന്ന് കേന്ദ്ര നേതൃത്വം ഉറപ്പു നൽകിയിരുന്നതായും അദ്ദേഹം പറയുന്നു. മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്ന് എൽജെഡിയും വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles